‘നടക്കുന്നത് കൊല്ലാനുള്ള ശ്രമം, മഞ്ജു വാര്യർ ജീവനോടെ ഉണ്ടോയെന്നറിയില്ല;
തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചെറുക്കുന്നതിന്റെ ലൈവ് വീഡിയോ സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
‘എന്റെ മൊബൈൽ പിടിച്ചുവാങ്ങിക്കാൻ പോകുകയാണേ. എന്നെ കുറേ ആളുകൾ വന്ന് പിടിച്ചുകൊണ്ടുപോകുകയാണേ. എന്നെ ഉപദ്രവിച്ചു. പൊലീസുകാരാണെന്ന് പറഞ്ഞ് വന്ന് കുറച്ച് ഗുണ്ടകൾ വന്ന് പിടിച്ചുകൊണ്ടുപോകുകയാണേ. എന്നെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ആളുകൾ ഇടപെടണേ.
എന്നെ കൊല്ലാൻ വേണ്ടി കൊണ്ടുപോകുകയാണ്. ഞാനും അനിയത്തിയും അനിയത്തിയുടെ ഭർത്താവിന്റെ അമ്മയും ക്ഷേത്രത്തിൽ പരിപാടിക്ക് വന്നതാണ്. ആ സമയത്ത് ഇന്നോവ ഫോളോ ചെയ്ത് വന്നിട്ട് എന്നെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. എന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണ്.
എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെന്ന് പൊലീസ് വിളിച്ചറിയിച്ചിട്ടില്ല. ഞാൻ ആ കേസ് ഫോളോ ചെയ്യാൻ തയ്യാറാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ കീഴടങ്ങാൻ തയ്യാറാണ്. പക്ഷേ പൊലീസെന്നും പറഞ്ഞ് വേഷം കെട്ടി കൊണ്ടുപോയി കൊല്ലാനാണ് ശ്രമിക്കുന്നത്. നിയമപരമായി നടക്കുകയാണെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതികൊടുത്തിട്ടുണ്ട്.
ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ട്. അതെനിക്കറിയാവുന്നതുകൊണ്ടാണ് പറഞ്ഞത്. എന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഇത് ഞാൻ വെറുതെ പറയുന്നതല്ല. രണ്ട് വർഷമായി പറയുകയാണ്.
കയറ്റം എന്ന സിനിമയെ ചൊല്ലി എന്റെ ജീവന് ആപത്തുണ്ട്. എന്റെ മാത്രമല്ല മഞ്ജു വാര്യരുടെ ജീവനും ആപത്തുണ്ട്. ഇപ്പോഴും എനിക്കറിയില്ല, മഞ്ജു വാര്യർ ജീവനോടെ ഉണ്ടോയെന്നും, എനിക്കെതിരെ കൊടുത്തെന്ന് പറയപ്പെടുന്ന കേസ് മഞ്ജു വാര്യരാണോ കൊടുത്തതെന്ന്. ഈ പോസ്റ്റ് ഇട്ടിട്ട് ഏഴ് ദിവസമായി. പല പത്രങ്ങളും അത് റിപ്പോർട്ട് ചെയ്തു. ഇത്രയും കാലമായിട്ടും മഞ്ജു വാര്യർ പ്രതികരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.’