യുദ്ധത്തിൽ ഇരു കാലുകളും കൈവിരലുകളും നഷ്ടപ്പെട്ടു, വിവാഹവേദിയിൽ യുക്രെയിൻ നഴ്സിന് സർപ്രൈസ് ഒരുക്കി വരൻ
ലവിവ്: വിവാഹ വേദിയിൽ വധൂവരന്മാർ അവതരിപ്പിക്കുന്ന നൃത്തത്തിന്റെ വീഡിയോകൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് അത്തരത്തിലൊരു സാധാരണ ദൃശ്യം അല്ല. യുക്രെയിൻ-റഷ്യ യുദ്ധത്തിനിടെ ഇരു കാലുകളും നഷ്ടപ്പെട്ട 23കാരിയായ നഴ്സ് ഒക്സാനയുടെ വിവാഹത്തിനിടെയുള്ള നൃത്ത വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
മാർച്ച് 27നാണ് ഒക്സാന റഷ്യൻ ആക്രമണത്തിൽപ്പെട്ടത്. ഒക്സാനയും പാർട്നർ വിക്ടറും യുക്രെയിനിലെ ലുഹാൻസ്ക് മേഖലയിലെ ലിസിചാൻസ്കിലെ വീട്ടിലേയ്ക്ക് നടക്കുന്നതിനിടെ സ്ഫോടനം നടക്കുകയായിരുന്നു. പുറകേ നടന്നിരുന്ന വിക്ടർ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. ഒക്സാനയ്ക്ക് സാരമായി പരിക്കേൽക്കുകയും ഇരു കാലുകളും ഇടത് കൈയിലെ നാല് വിരലുകളും നഷ്ടമാവുകയും ചെയ്തു.
‘വളരെ ധൈര്യത്തോടെയാണ് അവർ ഇത് തരണം ചെയ്തതത്. വിഷമത്തിൽ കരയാൻ തോന്നിയെങ്കിലും അവളുടെ മുന്നിൽ കരയാതെ പിടിച്ചു നിൽക്കുകയായിരുന്നു. അവളെ നഷ്ടപ്പെടുമോ എന്ന പേടി മാത്രമായിരുന്നു അപ്പോൾ എന്റെ മനസിൽ’ – വിക്ടർ പറഞ്ഞു. ‘വളരെ സവിശേഷമായ പ്രണയകഥ’ എന്ന തലക്കെട്ടോടെയാണ് യുക്രെയിൻ പാർലമെന്റ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ലവിവിലെ മെഡിക്കൽ അസോസിയേഷൻ ജീവനക്കാരാണ് ഇവരുടെ നൃത്തത്തിന്റെ വീഡിയോ ചിത്രീകരിച്ചത്.