മലയാള സിനിമയിലും സെക്സ് റാക്കറ്റ്; അന്ന് പാർവതി പറഞ്ഞത് സത്യമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു;
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് പങ്കുവച്ചത്.
പാർവതി തിരുവോത്ത് പറഞ്ഞതു പോലെ മലയാള സിനിമയിൽ നിലനിൽക്കുന്ന സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തു വരാതിരിക്കാനാണോ റിപ്പോർട്ട് പുറത്തു വിടാത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ല എന്ന കേരള സർക്കാരിന്റെ ശാഠ്യത്തിനു പിന്നിലുള്ളത്, മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് ഉറക്കെ വിളിച്ചുപറഞ്ഞ സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പാർവതി അത് പറയുമ്പോൾ, കൂടുതൽ വെളിപ്പെടുത്താത്തത് ജീവനിൽ ഭയമുള്ളതുകാരണമാണ് എന്നുകൂടി കൂട്ടിച്ചേർത്തിരുന്നു. സെക്സ് റാക്കറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നാൽ അതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരെന്ന വിവരവും പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണ്ടിവരും. അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കും.
അതിനാലാണ് റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത് വിടില്ല എന്ന് സർക്കാർ വാശിപിടിക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ ആരും അതിനെ ചോദ്യം ചെയ്യാത്തത് എന്നും ന്യായമായും സംശയിക്കാം. വെള്ളിത്തിരയിലെ ധീരോദാത്ത നായികമാർക്ക് ജീവനിൽ ഭയമുണ്ടെന്ന് അവർ പരസ്യമായി പറയുമ്പോൾ അത് വെറും തമാശയായി എടുക്കാനുള്ള മാനസികവളർച്ച മാത്രമേ മാദ്ധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ഉള്ളു.
സത്യം പറഞ്ഞതിന്റെ പേരിലും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ സാദ്ധ്യതയുണ്ട് എന്നതിന്റെ പേരിലും ഈ സ്ത്രീകൾ എന്തെങ്കിലും ഭീഷണികൾ നേരിടുന്നുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. അവരുടെ സുരക്ഷയിലും ആർക്കും ആശങ്കയില്ല. എന്തെങ്കിലും തരത്തിലുള്ള ബ്ലാക്ക്മെയിലിംഗുകൾ ഉണ്ടെങ്കിൽ അവരുടെയൊക്കെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും മൗനം പാലിക്കും എന്ന സാദ്ധ്യതയും ആരും ചിന്തിക്കുന്നില്ല.
അവർക്ക് ഭീഷണിയുണ്ടെങ്കിൽ അവർ പോലീസിൽ പരാതിപ്പെട്ടാൽ മതിയാകുമല്ലോ എന്ന് ലളിതമായി ചിന്തിക്കുകയാണ് എല്ലാവരും. സെക്സ് റാക്കറ്റിനെ സഹായിക്കാനാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കുന്നത് എങ്കിൽ അതിനെക്കുറിച്ച് പരാതിപറയുന്നവരെ സർക്കാർ സംരക്ഷിക്കുമോ? വളരെ വളരെ സങ്കടകരവും ഗുരുതരവുമായ അവസ്ഥയാണ്