എസ് എസ് എൽ സി പരീക്ഷാഫലം ജൂൺ 15 ന് മുമ്പ് പ്രസിദ്ധീകരിക്കും; വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്റെ നയമല്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മേയ് രണ്ടാം വാരം മുതലാണ് മൂല്യനിർണയം ആരംഭിക്കുക.
അതേസമയം, വിവാദമായ പ്ലസ് ടു കെമിസിട്രി പരീക്ഷയുടെ പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും അക്കാര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. അതേസമയം നൂറ് ശതമാനം വിജയത്തിന് വേണ്ടി പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കില്ല. വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.