അടുത്ത് കിടന്ന മകളുടെ ചുണ്ടിൽ ഉമ്മ വച്ചു, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; പിതാവായ ഡെപ്യൂട്ടി തഹസിൽദാർക്ക് 17വർഷം കഠിന തടവും 16.5 ലക്ഷം പിഴയും
തിരുവനന്തപുരം: പത്ത് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാരെ വിവിധ വകുപ്പുകൾ ചുമത്തി 17 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കുട്ടിക്ക് 16.5 ലക്ഷം രൂപ പിഴയായി നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ വി രജനീഷ് വിധിച്ചു.2019ൽ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. ഇതോടെ പിതാവിനൊപ്പമാണ് കുട്ടി ഉറങ്ങുന്നത്. ഈ സമയത്ത് ഇയാൾ കുട്ടിയെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ഉമ്മ വയ്ക്കുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്തു എന്നാണ് കേസ്. പഠിക്കാൽ മിടുക്കിയായ കുട്ടി പഠനത്തിൽ ശ്രദ്ധിക്കാതെയും ക്ലാസിൽ ആരോടും സംസാരിക്കാതെയും ഇരിക്കുന്നത് കണ്ട ക്ലാസ് ടീച്ചർ സ്വകാര്യമായി വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. പിതാവിൽ നിന്നുണ്ടായ ശാരീരിക ഉപദ്രവങ്ങൾ കുട്ടി ടീച്ചറോട് തുറന്ന് പറഞ്ഞു. തുടർന്ന് ടീച്ചർ ഇക്കാര്യം ഹെഡ്മിസ്ട്രസിനെയും സ്കൂൾ കൗൺസിലറെയും അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ പ്രമോദ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.സംരക്ഷിക്കേണ്ട പിതാവ് തന്നെ കുട്ടിയെ ഉപദ്രവിക്കുന്നത് അതിക്രൂരമായ കുറ്റകൃത്യമാണെന്നും പ്രതി യാതൊരുവിധത്തിലുള്ള ദയവും അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോടും കോടതി നിർദേശിച്ചു. സംഭവത്തിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19സാക്ഷികളെ വിസ്തരിക്കുകയും 21രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.