കാസര്‍കോട്: കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 (കെ.ഐ.എഫ്.എഫ്.) 29ന് തുടങ്ങും . മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ ഉദ്ഘാടനം 29-ന് രാവിലെ 10-ന് സംവിധായകന് ശരീഫ് ഈസ നിര്‍വഹിക്കും . ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഹ്രസ്വചിത്ര അവാര്‍ഡും നല്‍കുന്നുണ്ട്. ഏറ്റവും മികച്ച ചിത്രത്തിന് അന്പതിനായിരവും രണ്ടും മൂന്നും ചിത്രങ്ങള്‍ക്ക് ഇരുപതിനായിരവും പത്തായിരം രൂപയും യഥാക്രമം നല്‍കും. സംവിധായകരായ ജിയോ ബേബി, അനുരാജ് മനോഹര്‍ എന്നിവരായിരിക്കും ജൂറി അംഗങ്ങള്‍ മേളയുടെ ആദ്യദിനത്തില്‍ ഉദ്ഘാടന ചിത്രം കാന്തന് ദി ലവര് ഓഫ് കളര്‍, സ്ലീപ് ലെസ്ലി യുവേഴ്സ്, പദ്മിനി, ലിറ്റില്‍ ഫോറസ്റ്റ് എന്നീ ചിത്രങ്ങളും രണ്ടാംദിവസം കുഞ്ഞുദൈവം, ഒരു രാത്രി ഒരു പകല്‍, താന്ന, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് എന്നീ ചിത്രങ്ങളും മൂന്നാം ദിവസം ഷോര്‍ട്ട് മൂവി മത്സരത്തില്‍നിന്നുള്ള മികച്ച പത്തു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 31-ന് വൈകീട്ട് അവാര്‍ഡ് വിതരണത്തോടെ മേള സമാപിക്കും.