ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സർക്കാരിന്റെ വിശദീകരണം തേടി
കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. തുടർനടപടികൾ അടിയന്തരമായി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി ഷവർമ കഴിച്ച കൂൾബാർ കടയുടെ മാനേജർ അറസ്റ്റിലായിരുന്നു. കാസർകോട് പടന്ന സ്വദേശിയും കേസിൽ മൂന്നാം പ്രതിയുമായ അഹമ്മദാണ് അറസ്റ്റിലായത്. ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ദുബായിലുള്ള സ്ഥാപനത്തിന്റെ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ആലോചനയിലുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.കരിവെള്ളൂർ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണൻ, ഇ വി പ്രസന്ന ദമ്പതികളുടെ ഏക മകൾ ദേവനന്ദയാണ് (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ശനിയാഴ്ചയാണ് പെൺകുട്ടി ഷവർമ്മ കഴിച്ചത്. പിന്നാലെ പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടുകയും നില ഗുരുതരമായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെയെത്തി മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചു. കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച് അവശനിലയിലായ 31 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.