മാസ്കാണ് മുഖ്യം ! ആശുപത്രികളിലും, കൊവിഡ് രോഗികൾ താമസിച്ച മുറികളിലെയും വായുവിലെ സാമ്പിളുകൾ തെളിവായി, കൊവിഡ് പടരുന്നത് വായുവിലൂടെയാണെന്ന് തെളിവ് നിരത്തി ഇന്ത്യൻ ശാസ്ത്രസംഘം
ന്യൂഡൽഹി : കൊവിഡിന് കാരണമാകുന്ന വൈറസുകൾ പടരുന്നത് വായുവിലൂടെയാണെന്ന് കണ്ടെത്തൽ. വായുവിൽ കാണപ്പെടുന്ന വൈറസ് കണികകൾ അണുബാധ പരത്തുമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഘമാണ് തെളിയിച്ചത്. എന്നാൽ രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വായുവിലൂടെ രോഗം പടരാം എന്ന് മാത്രമാണ് പഠനത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. മാസ്ക് ധരിക്കുന്നതിലൂടെ കൊവിഡിനെ പൂർണമായും പ്രതിരോധിക്കാനാവും എന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ എപ്പിഡെമിയോളജിസ്റ്റുകൾ കണ്ടെത്തി.രോഗികളിൽ നിന്നും പുറത്ത് വരുന്ന വൈറസ് പ്രതലങ്ങളിൽ പറ്റിപ്പിടിച്ചാണ് മറ്റുള്ളവരിലേക്ക് പടരുന്നതെന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. കൊവിഡ് ആദ്യ തരംഗത്തിൽ വ്യാപനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും ആയിരുന്നില്ല. സാമൂഹ്യ അകലം, കൈകഴുകൽ, സാനിറ്റൈസർ, മാസ്ക് ഉപയോഗം തുടങ്ങിയ പ്രതിരോധ മാർഗങ്ങളാണ് ആദ്യം മുതൽക്കേ ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ച പ്രതിരോധ മാർഗങ്ങൾ. പകർച്ചവ്യാധി സമയത്ത് ആളുകൾ കൃത്യമായി മാസ്ക് ധരിച്ച രാജ്യങ്ങളിൽ വ്യാപനം കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.ആശുപത്രികളിലടക്കം ശാസ്ത്രജ്ഞർ നടത്തിയ കൂട്ടായ പഠനത്തിലാണ് രോഗാണുക്കൾ വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ചത്. ഈ പഠനത്തിന്റെ ഫലം ഇപ്പോൾ ജേണൽ ഓഫ് എയറോസോൾ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗികൾ താമസിച്ച ഇടത്ത് നിന്നടക്കം അന്തരീക്ഷ വായുവിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പഠനവിധേയമാക്കി. ആശുപത്രികൾ, കൊവിഡ് രോഗികൾ മാത്രം കുറച്ച് സമയം ചെലവഴിച്ച അടച്ചിട്ട മുറികൾ, ഹോം ക്വാറന്റൈൻ ചെയ്ത കൊവിഡ് രോഗികളുടെ വീടുകൾ എന്നിവയിൽ നിന്നാണ് ഈ സാമ്പിളുകൾ ശേഖരിച്ചത്.’അടച്ച സ്ഥലങ്ങളിൽ വായുസഞ്ചാരം ഇല്ലെങ്കിൽ വൈറസിന് കുറച്ച് സമയം വായുവിൽ തുടരാൻ കഴിയുമെന്ന് ഞങ്ങളുടെ ഫലങ്ങൾ കാണിച്ചു. ഒരു മുറിയിൽ രണ്ടോ അതിലധികമോ കൊവിഡ് രോഗികൾ ഉള്ളപ്പോൾ വായുവിൽ വൈറസ് വരുന്നതിന്റെ പോസിറ്റിവിറ്റി നിരക്ക് 75% ആണെന്ന് ഞങ്ങൾ കണ്ടെത്തി, ഒന്നോ അതിലധികമോ കൊവിഡ് രോഗിയോ മുറിയിൽ ഇരിക്കുമ്പോൾ 15.8% ആയിരുന്നു,’ പഠനത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞൻ പറഞ്ഞു. പഠനത്തിന്റെ ഫലമായി അണുബാധ പടരാതിരിക്കാൻ മാസ്ക് ധരിക്കുന്നത് തുടരാൻ ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.
‘ക്ലാസ് മുറികളും മീറ്റിംഗ് ഹാളുകളും പോലുള്ള ഇടങ്ങളിലെ അണുബാധയുടെ സാദ്ധ്യത പ്രവചിക്കാനുള്ള ഉപയോഗപ്രദമായ മാർഗമാണ് വായു നിരീക്ഷണം. അണുബാധകളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ പരിഷ്കരിക്കാൻ ഇത് സഹായിക്കും, ‘പഠനത്തിന്റെ പ്രധാന ശാസ്ത്രജ്ഞനും സിസിഎംബിയിലെ എസിഎസ്ഐആർ വിശിഷ്ട എമറിറ്റസ് പ്രൊഫസറും ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ജനറ്റിക്സ് ആൻഡ് സൊസൈറ്റി ഡയറക്ടറുമായ ഡോ.രാകേഷ് മിശ്ര പറഞ്ഞു.