കെഎസ് അരുൺ കുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി
തൃക്കാക്കര: പിടി തോമസിന്റെ അകാലവിയോഗത്തെ തുടർന്ന് തിരഞ്ഞെടുപ്പ് വിധിക്കൊരുങ്ങുന്ന തൃക്കാക്കരയിൽ എൽഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. കെഎസ് അരുൺ കുമാറിനെയാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയായ പ്രഖ്യാപിച്ചത്. മാദ്ധ്യമ ചർച്ചകളിലൂടെ കേരളത്തിന് സുപരിചിതനായ അരുൺ കുമാർ, സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, ശിശുക്ഷേമ സമിതി ജില്ലാ ആദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചുണ്ട്.ഇന്ന് രാവിലെ ചേർന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അരുൺ കുമാറിന്റെ പേര് നിർദേശിക്കുകയായിരുന്നു. തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം അംഗീകരിച്ചു. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനാണ് മണ്ഡലത്തിന്റെ പൂർണ മേൽനോട്ട ചുമതല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി പി. രാജീവും എം. സ്വരാജും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ മണ്ഡലത്തിൽ പരമാവധി കേന്ദ്രീകരിച്ച് നീങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സാർത്ഥം അമേരിക്കയിലാണ്. ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും.പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ കഴിഞ്ഞദിവസമാണ് സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ സമകാലിക തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. കെവി തോമസിന്റെ വിമത സ്വരം മാറ്റി നിറുത്തിക്കഴിഞ്ഞാൽ നേതാക്കളെല്ലാം തന്നെ ഉമയുടെ സ്ഥാനാർത്ഥിത്വത്തെ അനുകൂലിച്ചിരുന്നു.ബിജെപിയും ഇന്നുതന്നെ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണന്റെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. ഇതിൽ തീരുമാനമെടുക്കുന്നത് ദേശീയ നേതൃത്വമായിരിക്കും.