ക്രൂര ബലാത്സംഗത്തിന് ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമം; 24കാരിയുടെ നില അതീവ ഗുരുതരം
ന്യൂഡൽഹി: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ 24കാരിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.ഓട്ടോ ഡ്രൈവറായിരുന്ന താൻ സംഭവം നടന്ന ദിവസം രാത്രി സ്ഥലത്തില്ലായിരുന്നുവെന്നും കുത്തേറ്റു എന്ന് ഭാര്യ വിളിച്ചുപറഞ്ഞതിനെ തുടർന്ന് വീട്ടിലെത്തുകയായിരുന്നു എന്നുമാണ് ഭർത്താവിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. തന്നെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായും അതിലൊരാൾ കുത്തിയെന്നും യുവതി ഭർത്താവിനോട് പറഞ്ഞു. എന്നാൽ എവിടെ വച്ചാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തുന്നതിന് മുമ്പുതന്നെ ഭാര്യയുടെ ബോധം നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നുണ്ട്.ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവതിയിൽ നിന്നും മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 376,506,324 തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിടികൂടിയ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞേക്കുമെന്നും ഗുരുഗ്രാം പൊലീസ് കമ്മീഷണർ കലാ രാമചന്ദ്രൻ പറഞ്ഞു.