പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; നാദാപുരത്തെ ട്യൂഷൻ സെന്റർ അദ്ധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ട്യൂഷൻ സെന്റർ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കോടഞ്ചേരി സ്വദേശിയായ പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് നാദാപുരത്തെ ട്യൂഷൻ സെന്റർ നാട്ടുകാർ അടിച്ചുതകർത്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ട്യൂഷൻ സെന്ററിൽ വച്ച് ബാബു വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വിദ്യാർത്ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.കഴിഞ്ഞ മാസമാണ് ഇയാൾ നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ അജ്ഞാതർ സ്ഥാപനം അടിച്ചുതകർക്കുകയും ബോർഡുകൾ ഉൾപ്പടെ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു.