ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് കുട്ടികൾ ഐ സി യുവിൽ, സംസ്ഥാനത്തെ ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തും
കാസർകോട്: ഷവർമ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം. ഷവർമ വിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക.കടയ്ക്ക് ലൈസൻസ് ഉണ്ടോ, വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ് തുടങ്ങിയവയായിരിക്കും പ്രധാനമായും പരിശോധിക്കുക. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണൻ-ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകൾ ദേവനന്ദയാണ് (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.ശനിയാഴ്ചയായിരുന്നു കുട്ടി ഷവർമ കഴിച്ചത്. ഇതേ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച് മുപ്പതിലധികം പേർ ചികിത്സയിലാണ്. ഇതിൽ മൂന്ന് കുട്ടികൾ ഐ സി യുവിലാണ്. കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദാണ് കടയുടെ ഉടമ. വിദേശത്തുള്ള ഇയാളെ കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റിലായിരുന്നു. മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്.