യൂസ്ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ അധ്യാപികയെ കബളിപ്പിച്ച് തട്ടിയത് നാലരലക്ഷം രൂപ; പിടിയില്‍
ഏറ്റുമാനൂര്‍ : കാര്‍ വില്‍പ്പന നടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് അധ്യാപികയില്‍നിന്നും യൂസഡ് കാര്‍ ഷോറൂം ഉടമയില്‍ നിന്ന് നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പാറക്കുളത്തില്‍ ജീമോന്‍ കുര്യനെയാണ് ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ.സി. അര്. രാജേഷ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2021 – സെപ്റ്റംബറില്‍ ഏറ്റുമാനൂര്‍ സ്വദേശിയായ അധ്യാപികയുടെ കാര്‍, യൂസഡ് കാര്‍ ഷോമില്‍ വില്‍പ്പന നടത്താമെന്ന് പറഞ്ഞാണ് ജീമോന്‍ വാങ്ങിയത്. എഴ് ലക്ഷം രൂപയോളം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പയെടുത്താണ് അധ്യാപിക കാര്‍ വാങ്ങിയിരുന്നത്. ലോണ്‍ തീര്‍ത്ത് ബാക്കി തുക നല്‍കാമെന്നായിരുന്നു വ്യവസ്ഥ.
ഈ കാര്‍ ജീമോന്‍ കോഴിക്കോടുള്ള മെട്രോ യൂസഡ് കാര്‍ ഉടമ ബിബീഷിന് 8, 25,000 രൂപയ്ക്ക് വിറ്റു. ഇതില്‍ നിന്നും ഒരു ലക്ഷം രൂപ അധ്യാപികയ്ക്ക് നല്കി. ബാക്കി ഏഴ് ലക്ഷം രൂപ ലോണ്‍ തിരിച്ചടയ്ക്കാനെന്നു പറഞ്ഞ് വാങ്ങി. എന്നാല്‍ മൂന്നര ലക്ഷം രൂപ മാത്രമാണ് അടച്ചത്. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തില്‍നിന്നും ആളെത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് നാലരലക്ഷത്തോളം രൂപ അടച്ച് ലോണ്‍ ക്ലോസ് ചെയ്യുകയായിരുന്നു.
യൂസ്ഡ് കാര്‍ ഷോറൂം ഉടമയും അധ്യാപികയും നല്കിയ പരാതിയിലാണ് ജീമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജീമോെന്റ ഭാര്യ അമ്പിളിയും കേസില്‍ പ്രതിയാണന്ന് പോലീസ് പറഞ്ഞു.