കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞു
റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിനു മുകളിലേക്കുമറിഞ്ഞ് പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. മൂന്നുമാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണു. കുഞ്ഞിന് സാരമായ പരിക്കുണ്ട്.
ഞായറാഴ്ച രാത്രി ഏഴരയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപമാണ് അപകടം. മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന് ബിബിന്‍ ഡിക്രൂസ്, ഭാര്യയും രണ്ടുമക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ റാന്നിയില്‍നിന്ന് മണ്ണടിശാലയിലേക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 25 അടിതാഴ്ചയിലുള്ള പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബ്ബിന്റെ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. ഇവിടെ മോഹന്‍ ജേക്കബ്ബിന്റെ കാറിന്റെ മുകളിലേക്ക് മുന്‍വശം കുത്തിയായിരുന്നു വീഴ്ച. വീട്ടുകാര്‍ പുറത്തില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് പുറത്തിറങ്ങിയ ഇവര്‍ കാണുന്നത് കാറുകള്‍ക്കും വീടിന്റെ ഭിത്തിയ്ക്കും ഇടയില്‍ വീണുകിടക്കുന്ന കുഞ്ഞിനെയാണ്. ആദ്യംകുഞ്ഞിനെ എടുത്തു. ഓടിക്കൂടിയ നാട്ടുകാര്‍ പണിപ്പെട്ടാണ് കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ കുഞ്ഞിനെയുള്‍പ്പെടെ എല്ലാവരേയും
ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നി ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു