കാസർകോട് സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായതായി കപ്പൽ കമ്പനിയിൽ നിന്ന് ഫോൺകാൾ ലഭിച്ചതിയോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്
ഉദുമ: കാസർകോട് സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. ഉദുമ മുക്കുന്നോത്തെ കെ പ്രശാന്തിനെ (44) ആണ് കാണാതായത്. ഈ വിവരം അറിയിച്ചുകൊണ്ട് പ്രശാന്തിന്റെ ഭാര്യയ്ക്ക് കപ്പൽ കംപനിയിൽ നിന്ന് ശനിയാഴ്ച ഫോൺ കോൾ ലഭിക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം കംപനി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആശങ്കയിലും പ്രാർഥനയിലുമാണ് കുടുംബം ഇപ്പോൾ കഴിയുന്നത്.
കാണാതായ വിവരം കംപനി മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപിങ്ങിനേയും ജീവനക്കാരുടെ സംഘടനയായ ന്യൂസിയേയും ഇതിനകം അറിയിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ചെന്നൈ ആസ്ഥാനമായുള്ള ‘സിനർജി ഷിപിങ് മാനേജ്മെന്റ്’ എന്ന കംപനിയുടെ കപ്പലിൽ ജോലിയിൽ പ്രവേശിക്കാൻ പ്രശാന്ത് മംഗ്ളൂറിൽ നിന്ന് വിമാനമാർഗം മുംബൈക്ക് പോയത്. അവരുടെ തന്നെ ‘ജൻകോ എന്റെർപ്രൈസ്’ എന്ന ചരക്ക് കപ്പലിൽ എ ബി റാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ ഏപ്രിൽ 23ന് മുംബൈയിൽ നിന്ന് സിംഗപൂരിലേക്ക് യാത്രതിരിച്ചു. 24ന് കപ്പലിൽ കയറി. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറക്കാനാണ് കപ്പൽ സിംഗപൂരിലെത്തിയതെന്നാണ് വിവരം.
സ്വന്തമായി സിം കാർഡ് ഇല്ലാത്തതിനാൽ സഹപ്രവർത്തകന്റെ ഫോണിൽനിന്ന് 28ന് ഫോണിൽ സംസാരിച്ചിരുന്നുവെന്നും പ്രശാന്ത് ഏറെ സന്തോഷവാനായിരുന്നുവെന്നും സുഖവിവരങ്ങൾ കൈമാറിയെന്നും ഭാര്യ പറഞ്ഞു. അടുത്ത ദിവസം സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. അതിനിടെയാണ് ശനിയാഴ്ച ആശങ്കയുള്ള വാർത്ത എത്തിയത്. പ്രശാന്തിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നാണ് കംപനി അധികൃതർ അറിയിച്ചിരിക്കുന്നത്. നല്ല വാർത്ത വരുമെന്ന പ്രതീക്ഷയോടെ ഷാനിയും രണ്ട് പെൺമക്കളും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. കേന്ദ്ര ഷിപിങ് മന്ത്രിക്കും ഡയറക്ടർ ജനറൽ ഓഫ് ഷിപിങ്ങിനും വിദേശകാര്യ മന്ത്രിക്കും കപ്പൽ ജീവനക്കാരുടെ യൂനിയനായ ന്യൂസിക്കും പൊലീസ് സ്റ്റേഷനിലും ഷാനി പരാതി നൽകിയിട്ടുണ്ട്.