ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; കൂൾബാറിന്റെ വാഹനം കത്തിച്ചു, ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്
കാസർകോട്: ഷവർമ കഴിച്ച പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇന്ന് പുലർച്ചെ കൂൾബാറിന്റെ വാൻ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിന് സമീപം നിർത്തിയിട്ട വാഹനമാണ് കത്തിച്ചത്. വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ആരാണ് വാന്‍ കത്തിച്ചത് എന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.കരിവെള്ളൂർ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണൻ-ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകൾ ദേവനന്ദയാണ് (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ശനിയാഴ്ചയാണ് പെൺകുട്ടി ഷവർമ്മ കഴിച്ചത്. പിന്നാലെ പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടിയ ദേവനന്ദയെ നില ഗുരുതരമായതിനാൽ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയെത്തി മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.ഈ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച് അവശനിലയിലായ 31 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും പനിയും വയറിളക്കവും ബാധിച്ചതിൽ ഒരു വിദ്യാർത്ഥി ഒഴികെ മറ്റുള്ളവരുടെ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.