സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാരിന് 360 കോടിരൂപയുടെ വായ്പ
വാഷിംഗ്ടൺ: രാജ്യത്തെ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ല കേന്ദ്ര സർക്കാരിന്റെ ‘മിഷൻ കർമയോഗി’യെ പിന്തുണയ്ക്കുന്നതിനായി 360കോടിയോളം രൂപയുടെ വായ്പയ്ക്ക് അംഗീകാരം നൽകി ലോക ബാങ്ക്. പത്രക്കുറിപ്പിലൂടെയാണ് ലോക ബാങ്ക് ഇക്കാര്യം അറിയിച്ചത്. രാജ്യത്തുടനീളം 18ദശലക്ഷത്തിലധികം സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാർ ഉദ്യോഗസ്ഥർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കാനും, ഭാവിയിലേയ്ക്കു വേണ്ടി സജ്ജരാക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.ലോകബാങ്കിന്റെ വായ്പാ വിഭാഗമായ ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ്(ഐബിആർഡി) ആണ് പണം നൽകുന്നത്. വായ്പ്പയ്ക്ക് നാലര വർഷത്തെ അധിക സമയം ഉൾപ്പെടെ പതിനൊന്ന് വർഷത്തെ ഫൈനൽ മെച്യൂരിറ്റിയും ഉണ്ടായിരിക്കും. പരിശീലനം നൽകുന്നതിനും അതിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുമായി ഒരു ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ട് മിഷൻ കർമയോഗിയെ പിന്തുണയ്ക്കുമെന്നും ലോകബാങ്കിന്റെ ടാസ്ക് ടീം ലീഡർ വിക്രം മേനോൻ പറഞ്ഞു. ഇന്ത്യയിലെ പൊതുമേഖലയിൽ പുതിയ സംഭാവനകൾ നൽകാൻ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സർക്കാർ ജീവനക്കാർ നൽകുന്ന സംഭാവനയിലൂടെ രാജ്യത്ത് ദാരിദ്ര്യ നിർമാർജനം നടപ്പിലാക്കുകയും അതിന്റെ ക്ഷേമം എല്ലാ തലത്തിലുമുള്ള ജനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇതിലൂടെ രാജ്യത്തെ തന്നെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുകയാണ് ലോക ബാങ്ക് ലക്ഷ്യമിടുന്നത്.2020ലാണ് മിഷൻ കർമയോഗിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം ലഭിക്കുന്നത്. ഒരു സർക്കാർ ഉദ്യാഗസ്ഥൻ എങ്ങനെയാവണമെന്ന സർക്കാരിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ പദ്ധതി. സെക്ഷൻ ഓഫീസർമാർ മുതൽ സെക്രട്ടറിമാർ വരെയുള്ല എല്ലാ ഉദ്യോഗസ്ഥർക്കും സ്കീമിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയിലൂടെ ഓരോ വർഷവും ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തുകയും വേണ്ട പരിശീലനം നൽകുകയും ചെയ്യും.