ചെറുന്നിയൂരിൽ അമ്മയെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
വർക്കല:ചെറുന്നിയൂരിൽ അമ്മയെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുമല കുന്നിൽമേൽക്കോണം എസ് എസ് നിവാസിൽ ശരണ്യ (22) , രണ്ടര വയസുള്ള മകൾ നക്ഷത്ര എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെയാണ് വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്താണ് ശരണ്യയുടെ ഭർത്താവ്. വാമനപുരം പേടികുളം സ്വദേശിനിയാണ് ശരണ്യ. ശരണ്യയുടെ മാതാവ് മരിച്ചിട്ട 18 വർഷമായി.
മാതൃ മാതാവ് ഭാസുരയുടെ സംരക്ഷണയിലാണ് ശരണ്യ വളർന്നത്. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാരും പൊലീസും പറയുന്നു.
സംഭവ ദിവസവും ഉച്ചയോടെ ശരണ്യയുo സുജിത്തുമായി വഴക്ക് നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ട ശേഷം ഇറങ്ങിപ്പോയിരുന്നു. വൈകുന്നേരം 5.30 ഓടെ തിരികെ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
സുജിത്ത് വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയപ്പോൾ ഭാര്യയും കുഞ്ഞുo വെള്ള മുണ്ടിൽ ഉത്തരത്തിന്റെ ഹൂക്കിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ബഹളം കേട്ടെത്തിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെയോടെ വർക്കല തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുഞ്ഞിന്റെ കഴുത്തിൽ കുരുക്കിട്ട ശേഷം ശരണ്യ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.