പഴയ സാരികൾ വീട്ടിലുണ്ടോ; നിങ്ങളെ തേടി സർക്കാർ വീടുകളിലെത്തും; പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഇനി വിപണി കീഴടക്കാൻ പോകുന്നത് ഈ സാരികളായിരിക്കും
കൊല്ലം: വീട്ടിൽ പഴയ സാരിയുണ്ടെങ്കിൽ മൂലയ്ക്ക് തള്ളുകയോ കത്തിച്ചു കളയുകയോ ചെയ്യരുത്. അവ ഹരിതകേരള മിഷന് വേണം! പ്ളാസ്റ്റിക് ബാഗുകൾക്ക് ബദലായി ‘സാരി സഞ്ചി’കളായി ഇവ വിപണിയിലെത്തും; വെറും അഞ്ചു രൂപയ്ക്ക്.രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേളയിലാണ് ഹരിതകേരള മിഷന്റെ സ്റ്റാളിൽ സാരി സഞ്ചികൾ തത്സമയം തയ്ച്ചു കൊടുക്കുന്നത്.രണ്ടു മെഷീനിൽ രണ്ടു സ്ത്രീകളാണ് തുന്നൽക്കാർ. മൂന്നു ദിവസംകൊണ്ട് ഇരുന്നൂറിലധികം സഞ്ചികളാണ് വിറ്റുപോയത്. സാരി സഞ്ചികൾ വ്യാപകമാക്കാൻ ഹരിതകേരള മിഷൻ പ്രത്യേക കാമ്പയിനു തന്നെ തുടക്കമിട്ടിരിക്കുകയാണ്.ഹരിതകർമ്മ സേന പ്രവർത്തകർ വീടുകളിലെത്തി പഴയ സാരികൾ ശേഖരിക്കും. ഹരിതകേരളം മിഷന്റെ ബ്രാൻഡിലാണ് സഞ്ചി പുറത്തിറക്കുന്നത്.sareeകൊല്ലം ഉളിയക്കോവിൽ സ്വദേശി മോഹൻകുമാറും ഭാര്യ ശ്രീലേഖയുമാണ് പഴയ സാരിയിൽ നിന്ന് സഞ്ചി എന്ന ആശയം നടപ്പാക്കിയത്. പരിസ്ഥിതി പ്രവർത്തനായ മോഹൻകുമാർ സാരിയിൽ നിന്ന് സഞ്ചി ഉണ്ടാക്കി തന്റെ കടയിൽ വരുന്നവർക്ക് സൗജന്യമായി നൽകിയാണ് തുടക്കമിട്ടത്.പഴയ സാരിയും 60 രൂപയും നൽകിയാൽ ഡബിൾ ലെയറിൽ ആറും സിംഗിൾ ലെയറിൽ പത്തും സഞ്ചികൾ തിരിച്ചു നൽകാമെന്ന കാമ്പയിന് പിന്നീട് തുടക്കമിട്ടു. മോഹൻകുമാർ സെക്രട്ടറിയായ നിത്യപ്രഭ റെസി. അസോസിയേഷനിൽ 22 സ്ത്രീകളെ നിയോഗിച്ച് തയ്യലും ആരംഭിച്ചു.വിവിധ കടകളിലും സ്ഥാപനങ്ങളിലും 4 രൂപ നിരക്കിൽ വില്പനയ്ക്കും സഞ്ചികൾ എത്തിച്ചു. അഞ്ചുവർഷം കൊണ്ട് 1.60 ലക്ഷം തുണിസഞ്ചികൾ നിർമ്മിക്കാനായി. ഇതിനിടെ മുഖ്യമന്ത്രിയെ കണ്ട് ഈ ആശയം അവതരിപ്പിച്ചു. തുടർന്നാണ് സാരി സഞ്ചി എന്ന ആശയവുമായി ഹരിത കേരളമിഷൻ രംഗത്ത് വന്നത്.കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിൽ സാരി ബാഗ് എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ തുടക്കമാണ് പ്രദർശന മേളയിലെ കാമ്പയിൻ.