അറസ്റ്റിന് തടസമില്ല, വിദേശത്തേക്ക് പോകേണ്ടി വന്നാൽ പോകുമെന്ന് കമ്മീഷണർ; വിജയ് ബാബുവിനെതിരെ കൂടുതൽ പരാതിക്കാർ വന്നേക്കും
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ പുതിയ മീ ടൂ ആരോപണത്തിൽ പരാതി കിട്ടിയിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സോഷ്യൽ മീഡിയയിൽ അങ്ങനെയൊരു ആരോപണം കണ്ടിട്ടുണ്ട്. പരാതി കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.വിജയ് ബാബുവിനെതിരെ കൂടുതല്‍ പരാതി വരാനുള്ള സാദ്ധ്യതയുണ്ടെന്നും നിലവിലെ കേസിലെ അന്വേഷണത്തിന് അത് സഹായിക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. അതേസമയം ബലാത്സംഗ കേസിൽ അന്വേഷണത്തിൽ പുരോഗതിയുണ്ട്. പ്രതിയുടെ നീക്കം നിരീക്ഷിച്ച ശേഷം പാസ്പോർട്ട് റദ്ദാക്കുന്നതടക്കം നടപടികൾ തീരുമാനിക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ല. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. വിദേശത്തേക്ക് പോകേണ്ടി വന്നാൽ പോകുമെന്നും കമ്മീഷണർ അറിയിച്ചു.
അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ല.ഇരുപത്തിരണ്ടാം തീയതി വൈകുന്നേരമാണ് പരാതി ലഭിച്ചത്. അന്ന് രാത്രി തന്നെ എഫ് ഐ ആർ ഇട്ടു, നടനെ കണ്ടെത്താൻ ശ്രമമാരംഭിച്ചു. 24ന് വിജയ് ബാബു രാജ്യം വിട്ടു. ഹാജരാകണമെന്നാവശ്യപ്പെട്ട് നടന്റെ വീട്ടിൽ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.