ഇറാനിൽ നിന്ന് ഗുജറാത്തിലെത്തിയ 450 കോടിയുടെ ഹെറോയിൻ പിടികൂടി
അഹമ്മദാബാദ്: 90 കിലോഗ്രാം ഹെറോയിൻ പിടികൂടി. ഗുജറാത്തിലെ ആംറേലി ജില്ലയിലെ പിപാവവ് തുറമുഖത്തെത്തിയ ഫിപ്പിംഗ് കണ്ടെയിനറിൽ നിന്നാണ് 450 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്.
ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും(ATS) ഡയറക്ടറേറ്റ് ഒഫ് ഇന്റലിജൻസും(DRI) സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇറാനിൽ നിന്നെത്തിയ ഷിംപ്പിംഗ് കണ്ടെയിനറിൽ നിന്ന് ഹെറോയിൻ പിടികൂടിയതെന്ന് ഡി ജി പി ആശിഷ് ഭാട്ടിയ അറിയിച്ചു. ‘ അധികാരികളുടെ കണ്ണിൽ പൊടിയിടാനായി, ഇറക്കുമതി നൂൽ ഹെറോയിൻ ലായനിയിൽ മുക്കിവച്ച ശേഷം ഉണക്കി കെട്ടുകളാക്കുകയായിരുന്നു.’- അദ്ദേഹം കൂട്ടിച്ചേർത്തു.
‘ നൂലുകളടങ്ങിയ കണ്ടെയ്നർ അഞ്ച് മാസം മുമ്പാണ് ഇറാനിൽ നിന്ന് പിപാവവ് തുറമുഖത്തെത്തിയത്. നൂലുകളടങ്ങിയ നാല് ബാഗുകൾക്ക് 395 കിലോയോളം ഭാരമുണ്ടായതിനെത്തുടർന്ന് സംശയം തോന്നി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിലാണ് ഹെറോയിനാണെന്ന് സ്ഥിരീകരിച്ചത്.’- ഡി ജി പി വ്യക്തമാക്കി.