തൃക്കാക്കര സ്വർണ്ണക്കടത്ത്; നഗരസഭാ വൈസ് ചെയർമാന്റെ മകൻ മുടക്കിയത് 65 ലക്ഷം രൂപ, നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണം കടത്താനായി പണം മുടക്കിയ കൂടുതൽ പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരിൽ രണ്ടുപേരെ ചോദ്യം ചെയ്ത് വരികയാണ്.സ്വർണക്കടത്തിനായി തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ 65 ലക്ഷം രൂപയാണ് മുടക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മുഖ്യസൂത്രധാരനായ സിറാജുദ്ദീൻ മറ്റ് വിമാനത്താവളങ്ങളിലൂടെ നടത്തിയ കളളക്കടത്തിനെക്കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ്.ഷാബിൻ പാർട്ണറായ തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസസിന്റെ പേരിൽ ദുബായിൽ നിന്നു വന്ന കാർഗോയിൽ നിന്ന് ഈ മാസം 24ന് 2.26 കിലോ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇറച്ചി നുറുക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എയർ ഇന്ത്യ വിമാനത്തിലാണ് സ്വർണം കൊണ്ടുവന്നത്.