കൊവിഡ് കാലത്ത് പരോൾ കിട്ടിയവർ ജയിലിലേക്ക് മടങ്ങണം; രണ്ടാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കൊവിഡ് കാലത്ത് പരോൾ ലഭിച്ച തടവ് പുള്ളികൾ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ
അതാത് ജയിലുകളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
രാജ്യത്തെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് മാറിയെന്നും ഇനി അത്തരത്തിലുള്ള പരിരക്ഷകൾ പ്രതികൾക്ക് മാത്രമായി നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ സെപ്തംബറിലായിരുന്നു പത്ത് വർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്.