പെട്രോൾ അടിക്കുന്ന മെഷീൻ കേടായി, ജീവനക്കാരെ പൊതിരെ തല്ലി, പെട്രോൾ പമ്പ് തകർത്ത് യുവാക്കളുടെ വിളയാട്ടം
മലപ്പുറം: പെട്രോൾ അടിക്കേണ്ട മെഷീൻ കേടായെന്ന് അറിയിച്ചതിന് യുവാക്കൾ പമ്പിൽ അക്രമം അഴിച്ചുവിട്ടു. പരപ്പനങ്ങാടി കൂട്ടുമൂച്ചിയിലെ പെട്രോൾ പമ്പിലാണ് സംഭവം. ബുധനാഴ്ച പകൽ പമ്പിലെത്തിയ യുവാക്കളോട് മെഷീൻ കേടായതിനാൽ അടുത്ത പമ്പിൽ നിന്ന് പെട്രോളടിക്കാൻജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ ലഹരിയിലായിരുന്ന ചെട്ടിപ്പെട്ടി സ്വദേശികളായ യുവാക്കൾക്ക് ഇത് തീരെ ഇഷ്ടമായില്ല. ഇവർ അന്യസംസ്ഥാനക്കാരായ പമ്പ് തൊഴിലാളികളെ അസഭ്യം പറഞ്ഞു.
ഇത് ചോദ്യം ചെയ്ത മറ്റ് ജീവനക്കാരെ യുവാക്കൾ അസഭ്യം പറയുകയും പമ്പ് മാനേജരുടെ മുറിയിൽ കയറി അക്രമം നടത്തുകയും ചെയ്തു. വാഹനത്തിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ച മാനേജരുടെമേൽ വണ്ടിയോടിച്ച് കയറ്റാൻ ശ്രമിച്ചു. തുടർന്ന് പമ്പിലുളളവർ ചേർന്ന് ഇവരെ തടഞ്ഞുനിർത്തി പരപ്പനങ്ങാടി പൊലീസിലേൽപ്പിച്ചു. യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.