ബലാത്സംഗകേസ്: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു
കൊച്ചി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബ്ലാക്ക് മെയിലിംഗ് നടത്താനാണ് പരാതിക്കാരിയുടെ ശ്രമമെന്നാണ് ഹർജിയിൽ പറയുന്നത്.
സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകളെ മീ ടൂ ആരോപണങ്ങൾ ഉന്നയിച്ച് അപമാനിക്കുവാൻ ശ്രമിക്കുകയെന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. അത്തരത്തിലൊരു ശ്രമമാണ് പരാതിക്കാരിയുടെ നീക്കത്തിന് പിന്നിലുള്ളത്.
താൻ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അപകീർത്തി പെടുത്തുക എന്നതാണ് പരാതിക്കാരുടെ ഉദ്ദേശമെന്നും ഹർജിയിൽ പറയുന്നു. കോടതി ഇന്ന് തന്നെ ഹർജി പരിഗണിച്ചേക്കും.
സിനിമയിൽ അവസരം ലക്ഷ്യമിട്ടാണ് പരാതിക്കാരി അടുപ്പമുണ്ടാക്കിയത്. സത്യാവസ്ഥ കോടതിയെയും അന്വേഷണ സംഘത്തെയും ബോദ്ധ്യപ്പെടുത്താൻ തനിക്ക് കഴിയും. വാട്സാപ്പ് ചാറ്റുകളും വീഡിയോയും അടക്കം എല്ലാം തന്റെ കൈവശമുണ്ടെന്നും പൊലീസ് മാദ്ധ്യമങ്ങളുമായി ഒത്തുകളിക്കാൻ ശ്രമിക്കുകയാണെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു.
അതേസമയം, വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ നടിയോടൊപ്പം കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരുടെ മൊഴിയിൽ ഉള്ളത്. അഞ്ചിടങ്ങളിൽ പീഡനം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെയും കണ്ടെത്തൽ. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പലവട്ടം വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദുബായിലേക്ക് കടന്ന വിജയ്ബാബുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു