സ്വര്‍ണക്കടത്ത് : ലീഗ് നേതാവിന്റെ മകനടക്കം രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കാക്കനാട്: ഇറച്ചിവെട്ടു യന്ത്രത്തിലൊളിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളംവഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുസ്ലിംലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ എ.എ. ഇബ്രാഹിം കുട്ടിയുടെ മകന് ഷാബിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രണ്ടേകാല്‍ കിലോ സ്വര്‍ണമാണു കഴിഞ്ഞ ശനിയാഴ്ച ദുബായില്‍നിന്നെത്തിയ വിമാനത്തില്‍ കൊണ്ടുവന്ന ഇറച്ചിവെട്ടു യന്ത്രത്തില്‍നിന്നു കണ്ടെടുത്തത്.
ഷാബിന്റെ ബിസിനസ് പങ്കാളിയും സിനിമാ നിര്‍മ്മാതാവുമായ കെ.പി. സിറാജുദീന്‍, തുരുത്തുമ്മല്‍ എന്റര്‍പ്രൈസസ് ഡയറക്ടര്‍ സിറാജുദ്ദീന് എന്നിവര്‍ക്കു സ്വര്‍ണക്കടത്തില്‍ തുല്യപങ്കുണ്ടെന്നാണു കസ്റ്റംസ് നിഗമനം.
സിറാജുദ്ദീനുമായി ചേര്‍ന്ന് ദുബായില്‍നിന്നു ഷാബിന് നേരത്തേയും സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കും. ദുബായിലുള്ള സിറാജുദീനെതിരേ കസ്റ്റംസ് ലുക്കൗട്ട് േനാട്ടീസ് പുറപ്പെടുവിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
സ്വര്‍ണക്കടത്തില്‍ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഏലൂര്‍ മുപ്പത്തടം സ്വദേശികളായ അഫ്സല്, സുധീര്‍ എന്നിവരെയും കസ്റ്റംസ് ഇന്നലെ പിടികൂടി. ഇവരെ രാത്രി വൈകിയും ചോദ്യംചെയ്തു. ഷാബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇറച്ചിവെട്ടു യന്ത്രം വഴി സ്വര്‍ണം കടത്താന്‍ ഷാബിന് 65 ലക്ഷം രൂപ കടത്തുസംഘത്തിന് നല്‍കിയതായി കണ്ടെത്തി. തന്റെ സുഹൃത്തുക്കളും പണം മുടക്കിയിട്ടുണ്ടെന്നു ഷാബിന് കസ്റ്റംസിനോടു പറഞ്ഞു.
ഇബ്രാഹിം കുട്ടിയെ ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ചൊവ്വാഴ്ച കാക്കനാട് കുടിലിമുക്കിലെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഷാബിന്റെ ലാപ്ടോപ്പും പാസ്പോര്‍ട്ടും കസ്റ്റഡിയിലെടുത്തിരുന്നു. നിര്‍ണായകമായ പല തെളിവുകളും ലഭിച്ചതായാണു സൂചന. ഒളിവിലായിരുന്ന ഷാബിനെ കൊച്ചിയില്‍ നിന്നാണു പിടികൂടിയത്. ഇയാള്‍ ലീഗ് രാഷ്്രടീയത്തില്‍ സജീവമല്ലെന്നും സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും യു.ഡി.എഫ്. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിനിടയിലാണ് ലീഗ് നേതാവിന്റെ മകന് മുഖ്യപ്രതിയായ സ്വര്‍ണക്കടത്തു പിടിക്കപ്പെട്ടത്.