പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം, ആരോപണ വിധേയനെതിരെ സിനിമാ സംഘടനകൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ഡബ്ള്യൂസിസി
കൊച്ചി: നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഗൗരവമായി കാണണം. വിധി വരുന്നതുവരെ എല്ലാ സിനിമ സംഘടനകളിലെയും നടന്റെ അംഗത്വം സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ള്യൂസിസി.
മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ വിജയ് ബാബു ചെയ്തതെന്നും സംഘടന ആരോപിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെ ഇതുവരെയും പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ അയാൾക്കെതിരെ പോലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. അയാൾ രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത്.
നടിയുടെ പരാതിയെ തുടർന്ന് എഫ്. ബി.യിൽ തൽസമയം വരാൻ പോകുന്നു എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുകയും ഏപ്രിൽ 26ന് രാത്രി ഒരു അജ്ഞാത ലൊക്കേഷനിൽ നിന്ന് വിജയ് ബാബു ഫേസ്ബുക്ക് ലൈവ് വഴി നടിയുടെ പേരു വെളിപ്പെടുത്തുകയും അവൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്.
മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത്. “ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കൂരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.
പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പോലീസും തയ്യാറാകണം. അത്ര ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്.
ഭയം ജനിപ്പിക്കുന്ന ഈ ആൾക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാൻ ഉള്ള സാധ്യത വ്യക്തമാക്കുന്നുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വന്നു കൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും പൂർണ്ണമായും എടുത്തുകളായാനും അവർക്കെതിരെ നടപടി എടുക്കാനും അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച്
ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ല. ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നത്. ഈ നിശബ്ദത കൊടിയ അന്യായമായി ഡബ്ല്യു.സി.സി. കാണുന്നു.
സെക്ഷ്യൊൽ ഹരാസ്മെന്റ് ഒഫ് വുമൺ അറ്റ് വർക്ക് പ്ളേസ് ആക്ട് 2013 മലയാള സിനിമ മേഖലയിൽ നടപ്പാക്കണമെന്നകേരള ഹൈക്കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലും ഇവിടുത്തെ സംഘടനകൾ മൗനം പാലിക്കുകയാണ്
കേരള ഹൈക്കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലും ഇവിടുത്തെ സംഘടനകൾ മൗനം പാലിക്കുകയാണ്
മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഇത് ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ സിനിമ സംഘടനകളിലെയും അംഗത്വം സസ്പെൻഡ് ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
ഇരയെ പൊതുജനമധ്യത്തിൽ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്ക് അവർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, ചലച്ചിത്ര സംഘടനകൾ സമൂഹത്തിന് നൽകുന്ന സന്ദേശം അത്യന്തം ആപൽക്കരമാണ്. ഇങ്ങിനെയൊക്കെയാവാം എന്ന വിചാരമാണ് അത് അക്രമികളിൽ ഉണ്ടാക്കുക. മുൻപ് ഉണ്ടായ നടിയെ ആക്രമിച്ച വിഷയത്തിൽ അവർ എടുത്ത നിലപാട്
‘അതിജീവിതയുടെ കൂടെ നിൽക്കുന്നു, പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു.
ഇനിയും ഇപ്പോഴും അവർ മിണ്ടാതിരിക്കാൻ തീരുമാനിച്ചാൽ, അയാൾ മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവർക്കെല്ലാം കൂടി വേണ്ടിയാണെന്നാണോ നാം കരുതേണ്ടത്? മറ്റ് തൊഴിലിടങ്ങളിലെന്ന പോലെ മലയാള സിനിമ മേഖലയിലും പോഷ് ആക്റ്റ് ഉടനടി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നത്. ലൈംഗിക പീഡനത്തോട് ഒരു സീറോ ടോളറൻസ് നയം ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യത ഡബ്ല്യുസിസി ആവർത്തിക്കുന്നു.