സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ചാറ്റിംഗ് നടത്തി മദ്ധ്യവയസ്കനിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയ സഹോദരന്മാർ
പിടിയിൽ
കൊച്ചി: സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ചാറ്റിംഗ് നടത്തി മദ്ധ്യവയസ്കനിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയ സഹോദരന്മാർ മരട് പൊലീസിന്റെ പിടിയിലായി. സ്വകാര്യ സ്ഥാപന മാനേജരായ 48കാരനെയാണ് കൊട്ടാരക്കര കോട്ടപ്പടി ഗോകുലത്തിൽ ഹരികൃഷ്ണനും (28) അനുജൻ ഗിരികൃഷ്ണനും (25) ചേർന്ന് പറ്റിച്ചത്. മരടിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശിയായ ഇയാളെ ഫേസ് ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ചാറ്റ് ചെയ്ത് വളച്ചെടുക്കുകയായിരുന്നു. ഏതോ സ്ത്രീയുടെ നഗ്നവീഡിയോയും ചിത്രങ്ങളും അയച്ചുനൽകിയാണ് ഇയാളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സംഘടിപ്പിച്ചത്.
2021 മേയ് മുതൽ 2022 മാർച്ച് വരെ പല ഘട്ടങ്ങളായി സഹോദരങ്ങളുടെ അമ്മയുടെ പേരിൽ കടമ്പനാടും കൊട്ടാരക്കരയുമുള്ള ഫെഡറൽ ബാങ്കിന്റെ അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിൽ വച്ചാണ് മാനേജർ ‘കാമുകിമാരെ’ നേരിൽക്കണ്ടത്.
സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തിരുവനന്തപുരത്തുള്ള തങ്ങളുടെ 20 സെന്റ് സ്ഥലം വിറ്റ ശേഷം മടക്കി നൽകാമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നഗ്നചിത്രങ്ങൾ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ചുനൽകുമെന്ന ഭീഷണിയായി. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള മാനേജർ ബന്ധുക്കളിൽ നിന്ന് കടംവാങ്ങി വരെ പണം നൽകിയിട്ടുണ്ട്.
പ്രതികളുടെ പേരിൽ കൊട്ടാരക്കര, രാമങ്കരി, വാകത്താനം, ഓച്ചിറ, ചങ്ങനാശേരി, ചിങ്ങവനം, പള്ളിക്കൽ സ്റ്റേഷനുകളിൽ വഞ്ചനാക്കേസുകളുണ്ട്. തട്ടിച്ചെടുത്ത 46 ലക്ഷം രൂപയിൽ 9 ലക്ഷം അക്കൗണ്ടുകളിലുണ്ട്. ബാക്കിത്തുക കൊണ്ട് കാർ പൊളീഷിംഗ് സ്റ്റേഷൻ തുടങ്ങാനുള്ള അവസാന ഒരുക്കങ്ങളിലായിരുന്നു. മൂന്ന് സെന്റ് സ്ഥലം മാത്രമാണ് ഇവർക്ക് സ്വന്തമായുള്ളത്.
മരട് ഇൻസ്പെക്ടർ ജോസഫ് സാജൻ, എസ്.ഐ മാരായ റോജിൻ തോമസ്, ഹരികുമാർ, എ.എസ്.ഐ രാജീവ് നാഥ്, സി.പി.ഒമാരായ അരുൺരാജ്, പ്രശാന്ത് ബാബു, വിനോദ് വാസുദേവൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.
ആപ്പുവഴി കിളിമൊഴി
പുരുഷശബ്ദം സ്ത്രീശബ്ദമാക്കാവുന്ന ആപ്പ് ഉപയോഗിച്ചായിരുന്നു സഹോദരങ്ങളുടെ പാർവതി, ശ്രീലക്ഷ്മി എന്ന പേരുകളിലെ ചാറ്റിംഗും വോയ്സ് മെസേജിംഗും. ഫേസ് ബുക്കിൽ വെറുതേ ഒരു ഹായ് മെസേജിൽ തുടങ്ങിതാണ് ബന്ധം. കലൂരിലെ രണ്ട് സ്ത്രീകളുടെ പേരിലുള്ള ഫ്ളാറ്റിന്റെ വിലാസമാണ് മാനേജർക്ക് നൽകിയത്. ക്ഷണപ്രകാരം ഇയാൾ ഫ്ളാറ്റിലെത്തിയപ്പോഴും കബളിപ്പിക്കപ്പെട്ടു. ഇതിന് ശേഷമാണ് പൊലീസിനെ സമീപിച്ചത്.