ടോയ്ലറ്റ് ക്ലീനർ കുടിപ്പിച്ച് ഗർഭിണിയായ ഭാര്യയെ കൊന്നു
ഹൈദരാബാദ്: ടോയ്ലറ്റ് ക്ലീനർ കുടിപ്പിച്ച് യുവാവ് ഗർഭിണിയായ ഭാര്യയെ കൊന്നു. തെലങ്കാനയിലെ നിസാമാബാദിലെ രാജ്പേട്ട് താണ്ടയിൽ ബുധനാഴ്ചയാണ് സംഭവം. കല്യാണി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഇവരുടെ ഭർത്താവ് തരുൺ ഒളിവിലാണ്.
‘നാല് വർഷം മുമ്പാണ് തരുണും കല്യാണിയും വിവാഹിതരായതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് മാസം മുമ്പ് ഗർഭിണിയായതുമുതൽ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്റെ പേരിലുമായിരുന്നു പീഡനം.’ പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച തരുണും കല്യാണിയും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ പ്രതി ബലം പ്രയോഗിച്ച് ടോയ്ലറ്റ് ക്ലീനർ കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ വീട്ടുകാർ ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ ബുധനാഴ്ച മരിച്ചു. തുടർന്ന് കല്യാണിയുടെ ബന്ധുക്കൾ തരുണിനും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.