പെരിയ കേസ്; കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ഫീസിനത്തിൽ മാത്രം സർക്കാരിന് ചെലവായത് 88 ലക്ഷം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ട്രഷറി നിയന്ത്രണത്തിനിടയിലും പെരിയ ഇരട്ടക്കൊലക്കേസിലെ അഭിഭാഷകന് വക്കീൽ ഫീസായി 24.50 ലക്ഷം രൂപയുടെ ബിൽ മാറിക്കൊടുത്തത് വിവാദമായി.
പെരിയ കേസിൽ സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിംഗിനാണ് ഫീസായി 24.50 ലക്ഷം രൂപ അനുവദിച്ച് നിയമ വകുപ്പിൽ നിന്ന് ഇന്നലെ ഉത്തരവിറങ്ങിയത്. ഫെബ്രുവരി 21 ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണിത്. പെരിയ കേസിൽ ഫീസിനത്തിൽ മാത്രം ഇതുവരെ സർക്കാരിന് ചെലവായത് 88 ലക്ഷം രൂപയാണ്. അഭിഭാഷകരായ രജ്ഞിത്കുമാർ ,മനീന്ദർ സിംഗ്,പ്രഭാസ് ബജാജ് എന്നിവരാണ് സർക്കാരിനു വേണ്ടി വാദിച്ചത്.
പെരിയ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ഏതു വിധേനയും സി.ബി.ഐയെ തടയാനാണ് സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ പോയത്. മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 21 പേരാണ് പ്രതിസ്ഥാനത്തുള്ളത്.2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.