നീതിക്ക് വേണ്ടിയുള്ള പോരാട്ടം; ത്രില്ലടിപ്പിച്ച് ജന ഗണ മന, റിവ്യൂ
ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ജന ഗണ മന. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ അണിയറപ്രവർത്തകർ തന്നിരുന്നതിനാൽ തന്നെ ഈ ചിത്രത്തിലുള്ള പ്രതീക്ഷയും വളരെ വലുതായിരുന്നു. പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഒക്കെ ഈ പ്രതീക്ഷകളെ പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ട്.
സാധാരണ കണ്ടു വരാത്ത തരത്തിൽ ഒരൊറ്റ സീനുള്ള, നാല് മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലറായിരുന്നു ചിത്രത്തിന്റേത്. ഇവയെല്ലാം റിലീസിന് മുൻപ് തന്നെ ജന ഗണ മനയെ ചർച്ചാ വിഷയമാക്കി മാറ്റിയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ടീസറും ട്രെയിലറും ജന ഗണ മന 2 ലെതാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത് ചലച്ചിത്ര പ്രേമികൾക്ക് കൗതുകമുള്ള അനുഭവമായിരുന്നു.
തന്റെ ആദ്യ സംവിധാന സംരംഭമായ ക്വീന്‍ വൻ വിജയമാക്കി മാറ്റിയ ഡിജോ ജോസ് ആന്റണിയാണ് ജന ഗണ മന ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആമുഖത്തോടെ ആരംഭിക്കുന്ന ആദ്യ സീൻ മുതൽ തന്നെ പ്രേക്ഷകൻ ചിത്രത്തിന്റെ ഭാഗമായി മാറുകയാണ്.
കർണാടകയിലെ രാമംഗര സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയുടെ കൊലപാതകം രാജ്യത്ത് മുഴുവൻ സംസാരവിഷയമായി മാറുന്നു. വിദ്യാർത്ഥികൾക്ക് നീതിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരുന്നു. രാജ്യമൊട്ടാകെയുള്ള കോളേജുകളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.
വളരെയേറെ ചർച്ചാവിഷയമായ ഈ കേസ് അന്വേഷിക്കാൻ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായ സാജൻ കുമാർ ആയിട്ടാണ് സുരാജ് എത്തുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങി ആളിക്കത്തുന്ന ഒന്നാം പകുതിയാണ് ചിത്രത്തിന്റേത്. സുരാജ് നയിക്കുന്ന കേസന്വേഷണത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ആദ്യ പകുതിയിൽ ഗൗരി എന്ന വിദ്യാർത്ഥി നേതാവായി എത്തുന്ന വിൻസി അലോഷ്യസിന്റെ പ്രകടനം കെെയടി അർഹിക്കുന്നു.
ഒന്നാം പകുതി ശരിക്കും ഒരു സുരാജ് ഷോ ആണെന്ന് പറയാം. അതിഗംഭീര പ്രകടനമാണ് സുരാജ് പുറത്തെടുത്തിരിക്കുന്നത്. എന്നാൽ രണ്ടാം പകുതിയിലെ ആദ്യ 15 മിനിറ്റ് കൊണ്ടുതന്നെ പൃഥ്വിരാജ് ചിത്രത്തിലെ തന്റെ പങ്ക് അടിവരയിട്ട് പറയുന്നു. പിന്നീട് പൃഥ്വിരാജ് എന്ന നടന്റെ മാസ്മരിക പ്രകടനത്തിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും ബോഡി ലാംഗ്വജിലും പൃഥ്വിരാജ് മികച്ചു നിന്നു.
മംമ്ത മോഹൻദാസ്, ഷാരി, രാജേഷ് ബാബു, ധ്രുവൻ, ഷമ്മി തിലകൻ, ഇളവരസ്, പ്രിയങ്ക നായർ, ഹരികൃഷ്ണൻ, ശ്രീദിവ്യ തുടങ്ങി വലിയൊരു താര നിരയാണ് ചിത്രത്തിലുള്ളത്. സഭ മറിയം എന്ന പ്രധാന കഥാപാത്രത്തെ മംമ്ത മോഹൻദാസ് വളരെ മികച്ചതാക്കി. ഷമ്മി തിലകൻ, ഷാരി എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.
പ്രേക്ഷകനെ ഒരിടത്തും ലാഗ് അടിപ്പിക്കാതെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ‘ക്വീനി’ലെ പ്രധാന ആകർഷണങ്ങളിലൊന്നായ കോടതി സീൻ ജന ഗണ മനയിലും ഗംഭീരമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ജെയ്ക്സ് ബിജോയുടെ ഗംഭീരമായ പശ്ചാത്തല സംഗീതം ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്ക് തന്നെ വഹിച്ചു.
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രചന ഷാരിസ് മുഹമ്മദ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം.വളരെ സെൻസിറ്റീവായ വിഷയമാണ് ചിത്രം കെെകാര്യം ചെയ്തിരിയ്ക്കുന്നത്. കൃത്യമായ രാഷ്ട്രീയം മികച്ച തിരക്കഥയിലൂടെ വളരെ ഭംഗിയായി സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ നിയമ വ്യവസ്ഥ, മാദ്ധ്യമ പ്രവർത്തനം, പൊലീസ് , ജനങ്ങൾ,ജാതി, രാഷ്ട്രീയം എല്ലാം തന്നെ വ്യക്തതയോടെ സിനിമയിൽ ചർച്ചയാകുന്നുണ്ട്. സമകാലിക വിഷയങ്ങൾ ഗംഭീരമായി പറഞ്ഞു പോകുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ജന ഗണ മന. നമ്മളെല്ലാം കണ്ടിട്ടുള്ള, കേട്ടിട്ടുള്ള സംഭവങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. പലപ്പോഴും നമ്മൾ കാണുന്നത് മാത്രമല്ല സത്യമെന്ന് പറഞ്ഞു വയ്ക്കാനും ജന ഗണ മനയ്ക്കായി.
ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും മികച്ച അനുഭവമാണ് നൽകുന്നത്. ക്ലെെമാക്സിൽ ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞുപോകുന്നത് പ്രേക്ഷകനെ ചെറിയ രീതിയിൽ എങ്കിലും ആശയക്കുഴപ്പത്തിലാകുന്നുണ്ട്.
ജനങ്ങളുടെ വികാരം കൊണ്ട് കളിക്കുന്ന, അധികാരത്തിന് വേണ്ടി ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് നേരെയുള്ള ചൂണ്ടുവിരൽ കൂടിയാണ് ചിത്രം. ജാതിയുടെ പേരിൽ ആളുകളെ ചവിട്ടി മെതിക്കുന്ന കൂട്ടരുടെ കരണത്ത് അടിക്കുന്നുമുണ്ട് ജന ഗണ മന. എത്ര വെെകിയാലും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്നും നിയമത്തെക്കാൾ വലുതാണ് നീതിയെന്ന് പറഞ്ഞുവയ്ക്കാനും ചിത്രത്തിന് കഴിഞ്ഞു.
രണ്ടാം ഭാഗം കൂടി പുറത്തിറങ്ങിയാൽ മാത്രമേ ‘ജന ഗണ മന’ പൂർത്തിയാകുകയുള്ളു. ആദ്യ ഭാഗത്തെക്കാൾ ഗംഭീരമായ ആ രണ്ടാം പകുതിക്കായി ആകാംക്ഷയോടെ കാത്തിരിക്കാം