കാർ മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്
മതിലകം: മതിലകം പള്ളി വളവിന് സമീപം കാർ റോഡരികിലെ മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. എറണാകുളം കരിമുകൾ പിണർമുണ്ട സ്വദേശികളായ കുറ്റിക്കാട്ടിൽ വീട്ടിൽ അബ്ദുൽ കരീം (50), ഭാര്യ സൗദ(45), മക്കളായ നഫീസത്ത് (20), അൽഫിയ (16), ബന്ധുവും സമീപവാസിയുമായ മാനാത്ത് മൻസിലിൽ അബൂബക്കറിന്റെ മകൻ ഷിഹാബ് (20) എന്നിവർക്കാണ് പരിക്ക്.
ഇവരെ മതിലകത്തെ പൊലീസ് ജീപ്പിലും പുന്നക്കബസാർ ആക്ട്സ് ആംബുലൻസിലുമായി കൊടുങ്ങല്ലുർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിലകം പള്ളി വളവിന് സമീപം ബറോഡ ബാങ്കിന് മുൻപിൽ വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു കാറിലുള്ളവർ.
മരത്തിലിടിച്ച് തകർന്ന കാറിലുണ്ടായിരുന്നവരിൽ ചിലർ അബോധാവസ്ഥയിലായി. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മതിലകം അഡീഷണൽ എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒ ഷിജു, ഹോം ഗാർഡുകളായ അൻസാരി പുന്നിലത്ത്, പത്മകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.