നടി സുമലത ബിജെപിയിലേക്കെന്ന് സൂചന
ബംഗളൂരു: പ്രശസ്ത നടിയും കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക സന്ദർശനം നടത്താനിരിക്കെയാണ് ഇത്തരത്തിലുള്ള അഭ്യൂഹം പരക്കുന്നത്.
2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ ഒരു പ്രമുഖ പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്ന് ഇവർ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് പാർട്ടിയിൽ ചേരണമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് അവർ അന്ന് പറഞ്ഞത്. സുമലതയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തിയെന്നാണ് സൂചന.
സുമലതയുൾപ്പടെ നിരവധി പേർ ബിജെപിയിൽ ചേരുമെന്ന് കർണാടക മന്ത്രി ആർ അശോക പറഞ്ഞു. അമിത് ഷായുടെ സന്ദർശന വേളയിൽ ഈ കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് ബിജെപി കർണാടക നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. ജെഡിഎസിന്റെ കോട്ടയായിരുന്ന മാണ്ഡ്യയിൽ ബിജെപിയുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് സുമലത വിജയിച്ചത്. മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ 1,25,876 വോട്ടുകൾക്കാണ് ഇവർ തോൽപ്പിച്ചത്.
അതേസമയം, മാണ്ഡ്യയിൽ സുമലത സ്വാധീനമുറപ്പിക്കുന്നതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് അമർഷമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ അഭിഷേകിനെ മത്സരിപ്പിക്കാൻ സുമലത പദ്ധതിയിടുന്നുണ്ടെന്നുമുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.