അറിയാതെ പറ്റിയതാ സാറേ… രക്ഷിക്കാൻ ആളുമായെത്തിയപ്പോഴേക്കും പെരുമ്പാമ്പിൻകുഞ്ഞിനെ അടിച്ചു കൊന്നു, കേസെടുത്ത് വനം വകുപ്പ്
തൊടുപുഴ: വ്യാപാര സ്ഥാപനത്തിൽ കയറിയ പെരുമ്പാമ്പിൻകുഞ്ഞിനെ അടിച്ചു കൊന്നതിന് രണ്ടു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴഇടുക്കി റോഡിലെ മൊബൈൽ സർവീസ് സെന്ററിൽ പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയത്. ആളുകൾ കൂടിയതോടെ പാമ്പ് സ്ഥാപനത്തിനു മുകളിലായുള്ള ഷീറ്റിനു സൈഡിലൊളിച്ചു. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും ഇവർക്കൊപ്പം പാമ്പിനെ പിടികൂടാൻ ലൈസൻസുള്ളവർ ഇല്ലായിരുന്നു.
അതിനാൽ ലൈസൻസുള്ള പാമ്പ് പിടിത്തക്കാരെയുമായി എത്താമെന്നു പറഞ്ഞ് ഇവർ മടങ്ങി. എന്നാൽ ഇതിനിടെ രണ്ടു പേർ ചേർന്ന് സ്ഥാപനത്തിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പാമ്പിനെ കുത്തി താഴെയിടുകയും അടിച്ചു കൊല്ലുകയുമായിരുന്നു. വനം ഉദ്യോഗസ്ഥർ പാമ്പു പിടിത്തക്കാരെയുമായി എത്തിയപ്പോൾ പാമ്പ് ചത്തിരുന്നു. ഇതിനിടെ പാമ്പിനെ അടിച്ചു കൊന്നവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും പാമ്പിനെ കൊന്നവരുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചു. സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തിട്ടില്ല. പെരുമ്പാമ്പിന്റെ ജഡം പോസ്റ്റുമോർട്ടത്തിനായി കോട്ടയം ഫോറസ്റ്റ് സർജനു കൈമാറും