സ്വർണക്കടത്ത് കേസ്; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ
തൃക്കാക്കര: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി ഷാബിൻ പിടിയിൽ. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഷാബിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ചൊവ്വാഴ്ച ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ലാപ്ടോപ്പ്, പാസ്പോർട്ട്, പാൻ കാർഡ്, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു.
ഷാബിൻ പാർട്ണറായ തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസസിന്റെ പേരിൽ ദുബായിൽ നിന്നു വന്ന കാർഗോയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 2.26 കിലോ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇറച്ചി നുറുക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എയർ ഇന്ത്യ വിമാനത്തിലാണ് സ്വർണം കൊണ്ടുവന്നത്.
പാഴ്സൽ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഷാബിന് ഇടപാടിൽ പങ്കുള്ളതായി നകുൽ മൊഴി നൽകിയിരുന്നു. കടത്തിയ സ്വര്‍ണത്തിനായി പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.