എംബിബിഎസ് ഒന്നാംവർഷ പരീക്ഷയിലെ കൂട്ടത്തോൽവി; പഠിക്കാന്‍ ആരോഗ്യസര്‍വ്വകലാശാല, കമ്മീഷനെ അയക്കും
തിരുവനന്തപുരം: എംബിബിഎസ് ഒന്നാംവർഷ പരീക്ഷയിലെ കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യസർവ്വകലാശാല. പരീക്ഷ എഴുതിയതിലെ പകുതിപ്പേരും തോറ്റ മൂന്ന് മെഡിക്കൽ കോളേജുകളിൽ കമ്മീഷനെ അയക്കും. തൊടുപുഴ കുമാരമംഗലം അൽ അസ്ഹർ, അടൂർ മൗണ്ട്സയൻ, പാലക്കാട് പി കെ ദാസ് കോളേജുകളിലേക്കാണ് ആരോഗ്യസർവ്വകലാശാല കമ്മിഷനെ അയയ്ക്കുന്നത്. പരീക്ഷയെഴുതിയതിൽ പകുതിപ്പേരും തോറ്റതോടെയാണിത്. ഇന്റേണല്‍ മാർക്കടക്കം പരിശോധിക്കും. തോൽവിക്കിടയാക്കിയ സാഹചര്യമാണ് കമ്മിഷൻ പരിശോധിക്കുക.
സർവ്വകലാശാലയുടെ മൊത്തം വിജയശതമാനം 74 ൽ നിന്ന് 68 ലേക്ക് ഇടിഞ്ഞു. 70 ശതമാനത്തിന് മുകളിൽ പേർ വിജയിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലുമുണ്ട് തോൽവിയിൽ ഞെട്ടൽ. കൊവിഡിന് ശേഷം ഒന്നാംവർഷ ക്ലാസുകൾ കൃത്യമായി ലഭിക്കാത്തത്, പരിഷ്കരിച്ച കരിക്കുലത്തിലെ ബുദ്ധിമുട്ട്, ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മതിയായ ക്ലാസുകൾ ലഭിക്കുന്നതിലെ തടസ്സം ഇവയാണ് വിദ്യാർത്ഥികൾ പൊതുവായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം എല്ലായിടത്തും കൂട്ടത്തോൽവി ഇല്ലെന്നും മൂന്ന് കോളേജുകളുടെ മോശം പ്രകടനമാണ് മൊത്തം വിജയശതമാനം ഇടിയുന്നതിന് കാരണമായതെന്നുമാണ് സർവ്വകലാശാലയുടെ വിശദീകരണം. ഫാക്കൽറ്റിയുടെ കുറവ് കാരണം പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകാനായില്ലെന്ന് സർവ്വകലാശാല പരോക്ഷമായി സമ്മതിക്കുന്നുണ്ട്. എന്നാൽ അവസാന വർഷത്തിലെത്തുന്നതോടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് സർവ്വകലാശാല പറയുന്നത്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണ് വിദ്യാർത്ഥികൾക്ക് തലവേദനയായത്. മേയ് 11 നാണ് സേ പരീക്ഷ നടത്തുക. സേ പരീക്ഷാഫലത്തോടെ വിജയശതമാനം 90 ലെത്തുമെന്ന കണക്കുകൂട്ടലിലാണ് സർവ്വകലാശാല.