തീവ്രഹിന്ദുത്വ നിലപാടുകള്‍ പകര്‍ത്താനാണോ ഗുജറാത്ത് സന്ദര്‍ശനം? വിമർശനവുമായി കെ.സുധാകരന് എംപി
തിരുവനന്തപുരം: ഭരണനിർവ്വഹണത്തിനുള്ള ഇ ഗവണേൻസ് ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘത്തെ ഗുജറാത്തിലേക്ക് അയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെ സുധാകരൻ എംപി. തീവ്രഹിന്ദുത്വ നിലപാടുകളുടെ വിളനിലവും ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിര്ന്നതുമായ ഗുജറാത്ത് മാതൃക പകര്‍ത്തി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ചോദിച്ചു.
‘കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് ‘ഗുജറാത്ത് മോഡല്‍ വികസനം’. വൃന്ദാകരാട്ട് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ദേശീയ നേതൃത്വം തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തന്റെ ഉദ്യോഗസ്ഥരെ അയക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയാതെ ഒരുവിഭാഗത്തിന്റെ മാത്രം താല്‍പ്പര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ഗുജറാത്ത് സര്‍ക്കാരിന്റെത്. കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരളസര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ഇക്കാര്യത്തില്‍ സമാനതകള്‍ ഏറെയാണ്’. എല്ലാമേഖലയിലും നമ്പര്‍ വണ്ണെന്ന് കോടികള്‍ ചെലവാക്കി പരസ്യം നല്കുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തില്‍ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നും സുധാകരന് പരിഹസിച്ചു.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയും പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധമാണ് ഗുജറാത്ത് മാതൃക പഠിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം. ദേശീയതലത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയാണ് ഇതിനെല്ലാം പിന്നിലെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര എന്നാണ് വിശദീകരണം. എന്നാൽ വിഷയത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള നിരവധി കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സഹായം തേടുന്നതിന് പകരമാണ് ഗുജറാത്ത് സന്ദര്‍ശനം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ ഐടി വകുപ്പിനെയും മറികടന്നാണ് ഇത്തരം ഒരു തീരുമാനത്തില്‍ മുഖ്യമന്ത്രി എത്തിയതെന്ന് അത്ഭുതപ്പെടുത്തുന്നു.
ബിജെപി-സിപിഎം നേതൃത്വത്തിന്റെ അറിവോടെയാകും ഇത്തരം സന്ദര്‍ശനത്തിന് കളമൊരുക്കിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്ത് കേസ് എങ്ങനെ ആവിയായിപ്പോയി എന്നതിനുള്ള ഉത്തരം കൂടി നല്‍കുന്നതാണ് കേരള സര്‍ക്കാര്‍ പ്രതിനിധികളുടെ സൗഹൃദ സന്ദര്‍ശനം. ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണിന്റെ ഗുജറാത്ത് സന്ദര്‍ശനത്തെ വിവാദമാക്കിയ സിപിഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും സുധാകരന് പറഞ്ഞു.
ഗുജറാത്ത് മോഡൽ ഭരണനിർവ്വഹണം പഠിക്കാൻ കേരളം.
ഗുജറാത്ത് മോഡൽ ഭരണനിർവ്വഹണം പഠിക്കാനൊരുങ്ങുകയാണ് കേരളം. ഇ ഗവണേൻസിനുള്ള ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചു. 2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാറിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലെത്തും. തത്സമയം ഇത് വഴി വിലയിരുത്താം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകൾക്ക് സ്റ്റാർ റേറ്റിംഗും നൽകും. ഇതു വഴി ആരോഗ്യകരമായ മത്സരം സിവിൽ സർവ്വീസ് രംഗത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലും ഗുജറാത്ത് മോഡൽ ചർച്ചയായിരുന്നു. കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും, ചീഫ് സെക്രട്ടറിയുടെ ഓഫീസിൻെറ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസർ ഉമേഷ് എൻ.എസും ഗുജറാത്തിലേക്ക് പോകുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം ഒരാഴ്തക്കുള്ളിൽ റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്താൻ ഒരുങ്ങുന്ന കേരളം ഇനി ഗുജറാത്ത് ഡാഷ് ബോർഡ് കൂടി മാതൃകയാക്കാനാണ് നീക്കം.