അധ്യാപകരെ കൊണ്ടുവന്ന വാനിനുനേരെയുണ്ടായ ചാവേർ ആക്രമണം; വീഡിയോ ദൃശ്യങ്ങൾ
റാച്ചി: കറാച്ചി സർവകലാശാല വളപ്പിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിൽ, അധ്യാപകരെ കൊണ്ടുവന്ന വാനിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂച് വിമോചന സേന ഏറ്റെടുത്തിരുന്നു. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേറാണ് സ്ഫോടനം നടത്തിയതെന്നും അവർ അവകാശപ്പെട്ടു.
ഗെസ്റ്റ് ഹൗസിൽ നിന്ന് അധ്യാപകരെ കൊണ്ടുവന്ന വാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിൽ എത്തിയപ്പോഴായിരുന്നു സ്ഫോടനം. വാൻ കവാടത്തിനുള്ളിലേക്കു കടക്കുന്നതിനിടെ ബുർഖ ധരിച്ചെത്തിയ വനിതാ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. കവാടത്തിനു സമീപത്തായി നിലയുറപ്പിച്ചിരുന്ന വനിതാ ചാവേർ, വാൻ അടുത്തെത്തുമ്പോൾ ഒരടി മുന്നോട്ടു വയ്ക്കുന്നതും പിന്നാലെ പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം.
Pakistan: Big suicide bomb blast outside Karachi University,
3 more Chinese nationals killed.
CCP has already stopped its investments in Pakistan after several similar attacks on its nationals.
— Arun Pudur (@arunpudur) April 26, 2022
സ്ഫോടനത്തിൽ 3 ചൈനക്കാർ അടക്കം 4 പേർ കൊല്ലപ്പെട്ടിരുന്നു. വാൻ പൂർണമായി കത്തിനശിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെൻസാ എന്നിവരും പാക്കിസ്ഥാൻകാരനായ വാൻ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഇവർക്ക് അകമ്പടിയായി മോട്ടർ സൈക്കിളിൽ വന്ന 4 പാക്ക് സുരക്ഷാഭടന്മാർക്കും പരുക്കേറ്റു.
ബെൽറ്റ് ആൻഡ് റോഡ് ഇൻറ്റിഷ്യേറ്റീവിന്റെ ഭാഗമായി ചൈൻ വൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പതിവാണ്. ചൈന – പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു ചൈനക്കാർ ബലൂചിസ്ഥാനിൽ പണിയെടുക്കുന്നുണ്ട്.