പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയും സുഹൃത്തും അറസ്റ്റിൽ.
നഗരൂർ ഞാറക്കാട്ടുവിള അമൃതം വീട്ടിൽ അതുൽരാജ് (18), സുഹൃത്തും സഹായിയുമായ നെടുമ്പറമ്പ് റോജമന്ദിരത്തിൽ വിഷ്ണു (18) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അതുൽരാജ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിലും എത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. വിഷ്ണുവാണ് പെൺകുട്ടിയെ വാഹനത്തിൽ കഴക്കൂട്ടത്തും മറ്റു സ്ഥലങ്ങളിലും എത്തിച്ചത്. അതുൽ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയത് മൂലം മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെതുടർന്ന് നഗരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.