കുറ്റം ചെയ്തെന്ന് ബോദ്ധ്യപ്പെട്ടു, ഗോവയിലേക്ക് അന്വേഷിച്ച് ചെന്നെങ്കിലും കണ്ടെത്താനായില്ല; നടൻ ഒളിവിലെന്ന് പൊലീസ്
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു ഒളിവിലെന്ന് പൊലീസ്. ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു സംസ്ഥാനം വിട്ടെന്നാണ് സൂചന. കുറ്റം ചെയ്തെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് നടനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് കൊച്ചി ഡി സി പി വി യു കുര്യാക്കോസ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഗോവയിലാണെന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് പ്രത്യേക പൊലീസ് സംഘം ഗോവയിലേക്ക് പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുശേഷം ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.വിജയ് ബാബുവിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസം മുമ്പാണ് നടി പരാതി നൽകിയത്. അതേസമയം താന്‍ ഒളിവില്‍ അല്ലെന്നും ദുബായിലാണെന്നുമാണ് നടന്റെ പ്രതികരണം.