എയിംസ് ലഭിച്ചാൽ സ്ഥാപിക്കുക കോഴിക്കോട്; നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ
കോഴിക്കോട്: കേരളത്തിനുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അറിയിച്ചതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. കോഴിക്കോട് കിനലൂരിലാണ് സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി കിനലൂരിൽ വ്യവസായ പാർക്കിനായി നേരത്തെ റവന്യൂവകുപ്പ് കെ എസ് ഐ ഡി സി ക്ക് കൈമാറിയ ഭൂമി തിരിച്ചുകൊടുക്കാൻ വ്യവസായ വകുപ്പ് ഉത്തരവിറക്കി.153.46 ഏക്കർ ഭൂമി തിരിച്ചുകൊടുക്കാനാണ് ഉത്തരവായിരിക്കുന്നത്. ഈ ഭൂമി റവന്യൂവകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ നൽകാൻ പോകുന്ന ഭൂമിയുടെ സ്കെച്ചും മഹസൽ റിപ്പോർട്ടുമുൾപ്പടെ റവന്യൂവകുപ്പ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.കേരളത്തിന് എയിംസ് അനുവദിച്ചാൽ കിനാലൂരിലായിരിക്കും സ്ഥാപിക്കുകയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞവർഷം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളേജ്, കളമശ്ശേരി എച്ച് എം ടി എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.