കോവിഡിന് പിന്നാലെ എച്ച്3എൻ8; ആദ്യ കേസ് ചൈനയിൽ സ്ഥിരീകരിച്ചു
ബീജിംഗ്: പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം മനുഷ്യനിൽ ആദ്യമായി കണ്ടെത്തിയതായി സ്ഥിരീകരിച്ച് ചൈന. ഹെനാൻ പ്രവിശ്യയിൽ താമസിക്കുന്ന നാല് വയസുകാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിക്കുകയായിരുന്നു.
പനിയും അനുബന്ധ രോഗങ്ങളുമായി ഈ മാസമാദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ8 സ്ഥിരീകരിക്കുന്നത്. കുട്ടിയുടെ വീട്ടിൽ കോഴികളെ വളർത്തിയിരുന്നു. മാത്രമല്ല കാട്ടുതാറാവുകൾ ധാരാളമായി കണ്ടുവരുന്ന മേഖലയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.
കുട്ടിയ്ക്ക് കോഴിയിൽ നിന്നും നേരിട്ട് രോഗം പകരുകയായിരുന്നെന്നും എച്ച്3എൻ8 വകഭേദത്തിന് ഇത്തരത്തിൽ മനുഷ്യരിൽ നേരിട്ട് ബാധിക്കാൻ കഴിയുമായിരുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരിൽ നടത്തിയ പരിശോധനയിൽ രോഗലക്ഷങ്ങൾ കണ്ടെത്താനായില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. കുട്ടിയെ രോഗം ബാധിച്ചത് അപൂർമായി മാത്രം നടക്കുന്നതാണെന്നും വലിയതോതിൽ മനുഷ്യരിൽ എച്ച്3എൻ8 പകരാൻ സാദ്ധ്യത വളരെ കുറവാണെന്നും അധികൃതർ പറഞ്ഞു.
കുട്ടിയിൽ രോഗം കണ്ടെത്തിയതിന് പിന്നാലെ രോഗം ബാധിച്ചതും ചത്തതുമായ പക്ഷികളിൽ നിന്നും അകലം പാലിക്കാനും പനിയോ ശ്വാസകോശ രോഗങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കാനും കമ്മീഷൻ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
വടക്കേ അമേരിക്കയിൽ 2002ൽ ജലപക്ഷികളിലാണ് എച്ച്3എൻ8 ആദ്യമായി കണ്ടെത്തിയത്. കുതിരകളിലും പട്ടികളിലും സീലുകളിലുമാണ് ഇത് ബാധിച്ചിരുന്നത്. എന്നാൽ മനുഷ്യനിൽ ബാധിക്കുന്നത് ഇതാദ്യമായാണ്. പക്ഷിപ്പനി പ്രധാനമായും കാട്ടുപക്ഷികളിലും കോഴികളിലുമാണ് കാണപ്പെടുന്നത്. മനുഷ്യർക്കിടയിൽ പകരുന്ന കേസുകൾ വളരെ അപൂർവമാണ്.