പോലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്:പോലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കോഴിക്കോട് ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500രൂപ ഫൈൻ അടയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പൊലീസ് ജിഷ്ണുവിനെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയത്. എന്നാൽ പിന്നീട് കാണുന്നത് വഴിയരികെ അത്യാസന്ന നിലയിൽ കിടക്കുന്ന ജിഷ്ണുവിനെയാണ്.
ഇന്നലെ രാത്രി ഒമ്പതരയോടെ നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയത്. വയനാട്ടിൽ ഒരു കേസുണ്ടെന്നും അതിന്റെ ഫൈൻ 500രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പൊലീസ് ജിഷ്ണുവിനെ ഇറക്കിക്കൊണ്ടുപോയത്. മഫ്തിയിലാണ് രണ്ട് പൊലീസുകാരും എത്തിയത്. ഓവർസ്പീഡിൽ പോയിട്ട് പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല എന്നതായിരുന്നു കേസ്.
വഴിയരികിൽ കിടക്കുന്ന ജിഷ്ണുവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെയും ഇവർതന്നെയാണ് വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ചുകൊണ്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. അതേസമയം, മരിച്ച ജിഷ്ണുവിന്റെ പേരിൽ പെറ്റി കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കൽപ്പറ്റ പൊലീസ് അറിയിച്ചത്.