നഴ്സിന്റെ കയ്യിൽ നിന്നും വഴുതി വീണ് നവജാത ശിശു മരിച്ചു
ലക്നൗ: നഴ്സിന്റെ കയ്യിൽ നിന്നും വഴുതി വീണ് നവജാത ശിശു മരിച്ചു. ലക്നൗവിലെ ചിൻഹട്ട് എന്ന പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.
പ്രസവത്തിന് പിന്നാലെ നഴ്സ് ടവ്വലിൽ പൊതിയാതെ കുഞ്ഞിനെ എടുക്കുകയും കുഞ്ഞ് കയ്യിൽ നിന്നും വഴുതി നിലത്തേക്ക് വീഴുകയുമായിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ നിലവിളികേട്ട് വീട്ടുകാർ പ്രസവമുറിയ്ക്ക് അകത്തേയ്ക്ക് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ തടയാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ അകത്തേയ്ക്ക് കടക്കുകയായിരുന്നു. ജനിച്ചപ്പോൾ ആരോഗ്യവാനായിരുന്നെന്നും നഴ്സ് ഒരു കൈകൊണ്ട് എടുത്തതിന് പിന്നാലെ കുഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നെന്നും മാതാവ് വീട്ടുകാരോട് വെളിപ്പെടുത്തി.
അതേസമയം, കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മരണപ്പെട്ട നിലയിലായിരുന്നെന്ന് ആശുപത്രി അധികൃതർ വരുത്തിത്തീർക്കാൻ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച് അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.