കോഴിക്കോട് പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വഴിയരികെ
കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണു(28)വാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ചേർന്ന് ജിഷ്ണുവിനെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.രാത്രി ഒമ്പതരയോടെ വീടിനു സമീപം വഴിയരികിൽ ഗുരുതരാവസ്ഥയിൽ കിടന്ന ജിഷ്ണുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ചുകൊണ്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. എന്നാൽ കേസിന്റെ ഭാഗമായി ജിഷ്ണുവിൽ നിന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പ്രതികരിച്ചത്.