സിവില്‍ സപ്ലൈസ് വകുപ്പ് സമ്പൂര്‍ണ ഓഡീറ്റ് പൂര്‍ത്തീകരണത്തിലേക്ക് ; ഡോ ഡി സജിത് ബാബു
ജില്ലാതല കുടിശ്ശിക നിവാരണ യജ്ഞം സംഘടിപ്പിച്ചു
സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പില്‍ 2021 മാര്‍ച്ച് 31 വരെയുള്ള ഓഡിറ്റ് 14 ജില്ലകളിലും പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം മെയ് 18ന് ഉണ്ടാവുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷ്ണര്‍ ഡോ ഡി സജിത് ബാബു ഐഎഎസ് പറഞ്ഞു. എറണാകുളത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ പ്രഖ്യാപനം നടത്തും. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ കുടിശ്ശിക നിവാരണ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായിരിക്കും ഇത്തരത്തില്‍ വകുപ്പ് ഓഡിറ്റ് പൂര്‍ത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ വ്യാപാരികള്‍ , മണ്ണെണ്ണ മൊത്ത വ്യാപാരികള്‍, മുന്‍ റേഷന്‍ മൊത്ത വ്യാപാരികള്‍, മറ്റ് വ്യാപാരികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശ്ശിക തീര്‍പ്പാക്കാനായിട്ടാണ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചത്. 13 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. സംസ്ഥാനത്ത് ഏഴാമത്തെ ജില്ലയിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പൊതുവിതരണ വകുപ്പില്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട തുക എല്ലാവരും അടക്കണം. വകുപ്പിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്നും ഓഗസ്റ്റ് 15 ഓടെ തെറ്റുകുറ്റങ്ങളില്ലാത്ത വകുപ്പായി മാറ്റുകയാണ് ലക്ഷ്യമെന്നും ഡോ ഡി സജിത് ബാബു പറഞ്ഞു. പൊതു വിതരണ വകുപ്പ് ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ വി സുഭാഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ എന്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.