മണിചെയിൻ മോഡലിൽ കോടികളുടെ തട്ടിപ്പ്; മുൻ മന്ത്രിയുടെ ബന്ധുവിന് പ്രധാന പങ്കെന്ന് പരാതി, രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: മണിചെയിൻ കമ്പനിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ബെൻസൺ, ജോഷി എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രമോട്ടർമാരായ ഇവരെ അറസ്റ്റ് ചെയ്തത്.യുഎഇയിൽ 2019ൽ രജിസ്റ്റർ ചെയ്ത ‘ക്രൗഡ് വൺ’ എന്ന കമ്പനിയുടെ പേരിലാണ് ഇവർ ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. രണ്ട് വർഷം കൊണ്ട് കോടികളാണ് ഇവർ കമ്പനിയുടെ പേരിൽ തട്ടിയെടുത്തത്. ഈ പണം മുഴുവൻ ബിറ്റ്കോയ്നിലേയ്ക്ക് മാറ്റിയെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.സംസ്ഥാനത്തെ ഒരു മുൻ മന്ത്രിയുടെ ബന്ധുവിനും തട്ടിപ്പിൽ പ്രധാന പങ്കുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. ഈ സ്വാധീനത്തിന്റെ പുറത്താണ് ഇവർ കോടികൾ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് പ്രതികൾ ആഢംബര ജീവിതം നയിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സ്വീഡൻ സ്വദേശിയാണ് കമ്പനിയുടെ ഉടമയെന്ന് പ്രതികൾ പറയുന്നുണ്ടെങ്കിലും പണമിടപാടുകളിൽ പലതും നടന്നത് കേരളത്തിൽ വച്ചാണ്.