ഒരു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ: നേതാവിന്റെ പിറന്നാൾ ആഘോഷമാക്കി ശിവസേന
മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയത്. താനെ ഗോഡ്ബുന്ധർ റോഡിലെ തത്വഗ്യാൻ സർവകലാശാലയ്ക്ക് സമീപത്തുള്ള കെലാഷ് പെട്രോൾ പമ്പിലായിരുന്നു ഈ വിൽപന. ആദ്യം പമ്പിലെത്തിയ ആയിരം പേർക്കാണ് ഇന്നലെ ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോൾ കിട്ടിയത്.
മഹാരാഷ്ട്ര എംഎൽഎ പ്രതാപ് സർനായികിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഇത്. താനെ മുനിസിപ്പൽ കോർപറേഷൻ മുൻ അംഗം ആശ ദോംഗ്രെ, അബ്ദുൾ സലാം, സാമൂഹ്യ പ്രവർത്തകനായ സന്ദീപ് ദോംഗ്രെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വിൽപന. രാജ്യത്ത് ഇന്ധന വില വർധനയ്ക്ക് എതിരായ പ്രതിഷേധം കൂടിയായിരുന്നു ഇത്.
ഈ ഡിസ്കൗണ്ട് വിൽപ്പനയുടെ ഭാഗമായി പെട്രോൾ പമ്പ് അധികൃതർക്ക് 1.2 ലക്ഷം രൂപ ശിവസേന പ്രവർത്തകർ നൽകിയിരുന്നു. പെട്രോൾ വില കുറച്ച് കിട്ടുന്ന വിവരം അറിഞ്ഞ് നിരവധി പേരാണ് പമ്പിന് മുന്നിൽ ദീർഘനേരം ക്യൂ നിന്നത്. വമ്പൻ ജനപിന്തുണ ലഭിച്ചതോടെ ഭാവിയിലും പെട്രോളിന് വില 100 രൂപയിൽ താഴെയെത്തിയില്ലെങ്കിൽ, ഈ രീതിയിൽ പെട്രോൾ ഒരു രൂപയ്ക്ക് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ശിവസേന പ്രവർത്തകർ.
നിലവിൽ ഒരു ലിറ്റർ പെട്രോളിന് 120.58 രൂപയാണ് താനെയിലെ വി. 104.83 രൂപ നിരക്കിലാണ് ഡീസൽ വിൽപ്പന. ദില്ലിയിൽ പെട്രോൾ വില 105.41 രൂപയാണ് വില. ഡീസലിനാകട്ടെ 96.67 രൂപയാണ് വില. രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിൽ പെട്രോളിന് വില 122.67 രൂപയാണ്. ഡീസലിന് 105.11 രൂപയാണ് വില. കുറച്ച് ദിവസം മുൻപ് ഇവിടെ 123 രൂപയും ഡീസലിന് 105 രൂപയുമായിരുന്നു വില.