വൈദ്യുതി നിരക്ക് വർദ്ധനയിൽ ഉടൻ തീരുമാനം; ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
കൊച്ചി: വൈദ്യുതി നിരക്ക് വർദ്ധനയിൽ തീരുമാനം ജൂലായ്ക്ക് മുമ്പുണ്ടാകുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ. നിലവിൽ ആറ് രൂപ മുപ്പത്തിയഞ്ച് പൈസയാണ് ഒരു യൂണിറ്റിന് നിരക്ക്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് ന്യായമായ നിരക്കാണെന്നും കമ്മീഷൻ അറിയിച്ചു.കെഎസ്ഇബി നൽകിയ താരിഫ് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ നടത്തുന്ന ഏറ്റവും ഒടുവിലത്തെ പൊതു തെളിവെടുപ്പ് ഇന്ന് കൊച്ചിയിൽ നടന്നു. മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് തെളിവെടുപ്പുകൾ നടന്നിരുന്നു. ഇന്ന് ഉച്ചയോടെയാണ് തെളിവെടുപ്പ് അവസാനിച്ചത്. നിലവിൽ യൂണിറ്റിന് 95പൈസയുടെ വർദ്ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ന്യായമായ നിരക്കാണെന്നും കമ്മീഷന പറഞ്ഞു .ചാർജ് വർദ്ധനവുണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ അന്തിമ അഭിപ്രായം പറയാൻ കഴിയില്ലെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അറിയിച്ചു. കെഎസ്ഇബിയുടെ വരവ് ചെലവ് കണക്കും പലിശയുൾപ്പെടെയുള്ള ചെലവും കണക്കിലെടുത്ത് മാത്രമാകും അന്തിമ തീരുമാനം. മാത്രമല്ല ഇക്കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായത്തിനും പരിഗണന നൽകും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് അടുത്ത മാസം അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.