കണ്ണൂരിൽ കെ റെയിൽ കല്ലിടൽ തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ മാറി നാടാലിൽ ആണ് സംഭവം. ഇന്ന് രാവിലെ സർവേ നടപടികൾ പൊലീസ് സംരക്ഷണയിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സിപിഎം പ്രവർത്തകർ സ്ഥലത്ത് എത്തുകയും സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.
കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചു വിട്ടു. കോൺഗ്രസുകാരെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്ക് ശേഷം സർവേ തുടരുമ്പോൾ സിപിഎം പ്രവർത്തകർ പ്രദേശവാസികളോട് സംസാരിച്ചു. ഇതോടെ പരസ്യമായ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാരാരും തയ്യാറായില്ല.
സിപിഎം, കോൺഗ്രസ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി. സംഘർഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടൽ പുരോഗമിക്കുകയാണ്. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാൻ ആളുകൾ തയ്യാറാണെങ്കിൽ അതിനെ അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്നും കണ്ണൂർ നഗരത്തിൽ നിന്നുള്ള കോൺഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു.